Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി വേണ്ടെന്ന് സിപിഐ കേന്ദ്രനേതൃത്വം

K.M. Mani

ന്യൂഡൽഹി∙ കേരള കോൺഗ്രസിനെ (എം) എൽഡിഎഫിലെടുക്കണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. എന്നാൽ, കഴിഞ്ഞയാഴ്ച ചേർന്ന പൊളിറ്റ്ബ്യൂറോയുടെ നിർദേശാനുസരണം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്.രാമചന്ദ്രൻ പിള്ളയും ഇന്നു സിപിഐ നേതൃത്വവുമായി ചർച്ച നടത്തും.

കേരളത്തിൽനിന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും പങ്കെടുത്ത കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം കെ.എം.മാണിയെ എൽഡിഎഫിൽ വേണ്ടെന്ന കേരളഘടകത്തിന്റെ നിലപാടു ശരിവച്ചു നടത്തിയ വിലയിരുത്തൽ ഇങ്ങനെയാണ്:

∙ കേരള കോൺഗ്രസിനെ എൽഡിഎഫിലെടുക്കുന്നതു രാഷ്ട്രീയമായും തിരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല.

∙ പി.ജെ.ജോസഫും കൂട്ടരും യുഡിഎഫിൽ തുടരും.

∙ മാണി യുഡിഎഫുമായും ബിജെപിയുമായും ചർച്ചയിലാണ്. വിലപേശൽ തന്ത്രമാണു പ്രയോഗിക്കുന്നത്.

∙ സിപിഐയുടെ വിലപേശൽശേഷി കുറയ്ക്കുകയാണു പ്രധാന ലക്ഷ്യം. മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചു സിപിഎം പിബിയിലും ഭിന്നതയുണ്ട്. കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളിൽ ചിലരും മാണിയുടെ വരവിനെ എതിർക്കുന്നു. 

മാണി വേണമെന്നു വാദിക്കുന്നവർ പറയുന്നത്:

∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പിന്തുണ ആവശ്യമാണ്. അല്ലാതെയുള്ള സ്ഥിതി സിപിഎമ്മിന് അത്ര അനുകൂലമല്ല.

∙ മാണിയുടെ വരവ് ക്രൈസ്തവ മേഖലകളിൽ ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്കു ഗുണം ചെയ്യും.

മാണി വേണ്ടെന്ന നിലപാടുള്ളവർ പറയുന്നത്:

∙ ഇടത്–ന്യൂനപക്ഷ വോട്ടുകൾ ഒരുമിക്കുന്നതു ബിജെപിയെ സഹായിക്കും.

∙ മാണി കടുത്ത അഴിമതിക്കാരനെന്നു നിലപാടെടുത്തതാണ്. നിലപാടുമാറ്റം ദോഷമുണ്ടാക്കും.

∙ ക്രൈസ്തവർ മൊത്തമായി ഏതെങ്കിലും പാർട്ടിയുടെ പക്ഷത്തല്ല. റോമൻ കത്തോലിക്കർ പോലും പൂർണമായി കേരള കോൺഗ്രസിന്റെ കൂടെയല്ല.