Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ​ൽഡിസി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ശക്തമാകുന്നു

ldc-rank-holders ഗതികേട്: ഈ മാസം 31ന് അവസാനിക്കുന്ന എൽഡിസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 16 ദിവസമായി നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി ശയനപ്രദക്ഷിണം ചെയ്യുന്നു. ചിത്രം: മനോരമ.

തിരുവനന്തപുരം∙ സർക്കാർ ജോലിയെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുമെന്ന അവസ്ഥയിൽ എൽഡിസി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം കൂടുതൽ ശക്തമാക്കുന്നു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഉദ്യോഗാർഥികൾ പിൻതുണയുമായി ദിവസേന സെക്രട്ടേറിയറ്റിനു മുന്ന‍ിൽ എത്തുന്നുണ്ട്. 

ഈ മാസം 31ന് അവസാനിക്കുന്ന എൽഡിസി റാങ്ക് ലിസ്റ്റുകൾക്ക് ഒരു വർഷത്തെ സൂപ്പർ ന്യൂമററി തസ്തികകൾ അനുവദിക്കുക, പതിനേഴോളം വകുപ്പുകളിൽ അന്വേഷണം നടത്തി പിആർഡി കണ്ടെത്തിയ ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം ഇന്നു പതിനേഴാം ദിവസത്തിലേക്കു കടക്കും. 

ദിവസങ്ങൾ നീണ്ട ഉപവാസത്തിനു പിന്നാലെ ശ്രദ്ധേയമായ പുതിയ സമരരീതികൾ പുറത്തെടുത്തു തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ അവസാനവട്ട ശ്രമം നടത്തുകയാണ് ഉദ്യോഗാർഥികൾ. അധികൃതരുടെ അവഗണന തുടരുകയാണെങ്കിലും ആവശ്യം നേടിയെടുക്കും വരെ സമരം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു സമരക്കാർ.

തിങ്കളാഴ്ച ശവമഞ്ചവും ചിതയുമൊരുക്കി സമരം ചെയ്തവർ ഇന്നലെ ഉപവാസത്തിനിടയിലും സെക്രട്ടേറിയറ്റിനു ചുറ്റും ശയനപ്രദക്ഷിണം നടത്തി. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ശക്തമായ ചൂടും ക്ഷീണവും കാരണം അവശരായി. സരിത, മുഹമ്മദ് ഷബീർ, സംഗീത, ബിന്ദുലേഖ, സിമി, ശാലിനി, ആൾഗ, ജാസ്മിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സരിത ഒഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. 

മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾ അതിൽ തീരില്ലെന്നു നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയോ അനുബന്ധ ഉദ്യോഗസ്ഥരോ തങ്ങളോടു സംസാരിക്കാൻ പോലും തയാറാവുന്നില്ല. അർഹമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.