Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം: അദാനി ഗ്രൂപ്പിൽനിന്ന് പിഴ ഈ‌ടാക്കുമെന്നു കടന്നപ്പള്ളി

vizhinjam-port-master-plan

തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ അദാനി ഗ്രൂപ്പി‍ൽനിന്ന് ഈടാക്കുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടിനൽകാൻ അദാനി ഗ്രൂപ്പുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കേരളത്തിന്റെ സ്വപ്നപദ്ധതി അവതാളത്തിലാക്കാൻ സർക്കാർ കള്ളക്കളി നടത്തുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

തുറമുഖനിർമാണം ഇഴയുകയാണെന്നു പ്രതിപക്ഷത്തിനുവേണ്ടി നോട്ടിസ് അവതരിപ്പിച്ച എം.വിൻസന്റ് പറഞ്ഞു. കരാർ പ്രകാരം 2019 ഡിസംബർ അഞ്ചിനു പദ്ധതി പൂർത്തിയാക്കേണ്ടതാണ്. പക്ഷേ, പല പ്രവൃത്തികളും 25 ശതമാനത്തിലധികം മുന്നോട്ടുപോയിട്ടില്ല. അവശേഷിക്കുന്നതു 20 മാസം കൊണ്ട് എങ്ങുമെത്തില്ല. 200 മീറ്ററിൽ കൂടുതൽ കടൽ നികത്തിയിട്ടില്ല. ബർത്തിന്റെ പണി ഒന്നുമായില്ല. അപ്രോച്ച് റോഡ്, റെയിൽവേ പാത നിർമാണം, സ്ഥലമേറ്റെടുപ്പ് എന്നിവയെല്ലാം തടസ്സത്തിലാണെന്നു വിൻസന്റ് പറഞ്ഞു.

പദ്ധതി പൂർത്തിയാക്കാൻ സമയം നീട്ടിനൽകില്ലെന്നു മന്ത്രി കടന്നപ്പള്ളി മറുപടി നൽകി. നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ എല്ലാ സഹായവും ചെയ്യാൻ സർക്കാർ തയാറാണ്. എന്നു മുതലാണ് അദാനിയോടുള്ള താൽപര്യം യുഡിഎഫിനു കുറഞ്ഞത്? പദ്ധതി പൂർത്തിയാക്കാൻ അവർക്കേ സാധിക്കൂവെന്നു പറഞ്ഞല്ലേ അവർക്കു കരാർ നൽകിയത്? ഓഖി ചുഴലിക്കാറ്റിൽ രണ്ടു ഡ്രജറുകൾക്കു കേടുപറ്റിയതു പണികളുടെ പുരോഗതിക്കു തടസ്സമായി. കരിങ്കല്ല് കിട്ടാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും കാലാവധി നീട്ടണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കില്ല– മന്ത്രി പറഞ്ഞു.

രണ്ടു ഡ്രജറുകൾ നന്നാക്കാൻ എത്ര സമയം വേണമെന്നാണു മന്ത്രി പറയുന്നതെന്നു രമേശ് ചെന്നിത്തല ചോദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണു നിയമസഭയിൽ മന്ത്രി മറുപടി രേഖാമൂലം നൽകിയത്. കാലാവധി നീട്ടിനൽകണമെന്നു കമ്പനി ആവശ്യപ്പെടുന്നതിനു മുൻപ് തന്നെ ഇതു ചെയ്തതിൽ ഒത്തുകളി വ്യക്തമാണ്. അഴിമതി ആരോപിച്ചു വിഴിഞ്ഞം പദ്ധതിക്ക് എതിരുനിന്ന എൽഡിഎഫിന് ഇതിനോട് ഇരട്ടമനസ്സാണുള്ളത്. നിർമാണത്തിനൊപ്പം ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് ഇതിന്റെ തെളിവാണ്. പണി ഇഴഞ്ഞുനീങ്ങുന്നുവെന്നു വ്യക്തമായിട്ടും സർക്കാർ ഇടപെടാത്തത് എന്തുകൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു. എം.കെ.മുനീർ, കെ.എം.മാണി, ഒ.രാജഗോപാൽ എന്നിവരും പ്രതിഷേധിച്ചു.