Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഓടുന്ന 78 ട്രെയിനുകളിൽ പ്രത്യേക ശുചീകരണം

ന്യൂഡൽഹി∙ കേരളത്തിൽ ഓടുന്ന 78 ട്രെയിനുകളിൽ പ്രത്യേക ശുചീകരണ സേവനം (ഒബിഎച്ച്എസ്) ലഭ്യമാക്കാൻ തീരുമാനിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. 58 ട്രെയിനുകളിൽ ഒബിഎച്ച്എസ് സേവനം തുടങ്ങിയിട്ടുണ്ടെന്നും അവശേഷിക്കുന്നവയിൽ വൈകാതെ തുടങ്ങുമെന്നും ജോയി ഏബ്രഹാമിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

മഴക്കാലത്തു ട്രെയിനുകളിലെ ചോർച്ച തടയാനുള്ള പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ എട്ടു ട്രെയിനുകളിൽ പുതിയതായി നിർമിച്ച എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളാണ് ഉപയോഗിക്കുന്നത്. ലഭ്യത അനുസരിച്ചു മറ്റു ട്രെയിനുകളിലും എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കും. കോച്ചുകൾ ശുദ്ധീകരിക്കാനും മറ്റുമുള്ള യന്ത്രസേവനങ്ങൾ എറണാകുളം, നാഗർകോവിൽ എന്നീ ഡിപ്പോകളിലുണ്ട്.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിലെ കോച്ചുകൾ തിരുവനന്തപുരം, നാഗർകോവിൽ, എറണാകുളം, ആലപ്പുഴ, കൊച്ചുവേളി, ഷൊർണൂർ, മംഗളൂരു എന്നീ ഡിപ്പോകളിൽ അറ്റകുറ്റപ്പണി തീർത്താണ് ഉപയോഗിക്കുന്നത്. കോച്ചുകളും ശുചിമുറികളും വൃത്തിയാക്കാനുള്ള ഹൈപവർ ജെറ്റ് സംവിധാനം കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

related stories