Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിലെ സമരക്കാർ എരണ്ടകളുമാണെന്നു മന്ത്രി സുധാകരൻ

G. Sudhakaran

തിരുവനന്തപുരം∙ കീഴാറ്റൂരിൽ ബൈപാസിനെതിരെ സമരം ചെയ്യുന്നവർ കഴുകന്മാർ മാത്രമല്ല, നെൽകൃഷി മുഴുവൻ നശിപ്പിക്കുന്ന എരണ്ടകൾ കൂടിയാണെന്നു നിയമസഭയിൽ മന്ത്രി ജി.സുധാകരൻ. ഇവ കൂട്ടത്തോടെ വന്നിറങ്ങിയാൽ പിന്നെ ഒറ്റ നെല്ലുണ്ടാവില്ല. കർഷകർ ആകെ ദുഃഖത്തിലാകും. കീഴാറ്റൂരിൽ മേൽപാലം നിർമിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതായും മന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മലപ്പുറത്തെ ജനങ്ങൾക്കുള്ള ആശങ്കകൾ പി.കെ.അബ്ദുറബ്ബ് ചൂണ്ടിക്കാട്ടിയപ്പോഴാണു സുധാകരൻ വീണ്ടും വയൽക്കിളികൾക്കെതിരെ തിരിഞ്ഞത്. അവർ വയൽക്കഴുകന്മാരാണെന്നു നേരത്തേ നിയമസഭയിൽ സുധാകരൻ വിമർശിച്ചിരുന്നു.

കീഴാറ്റൂരിലെ അലൈൻമെന്റ് നൂറു മൈൽ മാറ്റിവയ്ക്കാൻ പറ്റുമോ? എന്തിനാണീ കോലാഹലം? സുതാര്യവും നീതിയുക്തവുമായാണു സർക്കാർ നടപടികളെടുത്തത്. നാലുവരിപ്പാത വേണമെന്ന് എഴുതുന്നതും അതിനു നടപടിയെടുക്കുമ്പോൾ തിരിച്ചെഴുതുന്നതും പത്രങ്ങൾ തന്നെയാണ്. ചില പത്രക്കാർ പുസ്തകമോ ഭരണഘടനയോ വായിക്കാതെ താന്തോന്നിത്തരം എഴുതിപ്പിടിപ്പിക്കുന്നു. മലപ്പുറത്തും അതുതന്നെയാണു സ്ഥിതി.

ബൈപാസ് വരുമ്പോൾ ഒരു ആരാധാനാലയം പോലും പോകില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അലൈൻമെന്റ് ഉണ്ടാക്കിയപ്പോൾ മുസ്‍ലിംലീഗിലെ ചില നേതാക്കന്മാരുടേത് ഒഴിവാക്കിയെന്ന ആക്ഷേപം വന്നിരുന്നു. ലീഗ് ഉൾപ്പെടെ എല്ലാ കക്ഷികളും 45 മീറ്റർ എന്നു പൊതു ധാരണയെത്തിയശേഷമാണു ലീഗിന്റെ മുഖപത്രം 30 മീറ്റർ എന്നെഴുതിയത്. യഥാർഥത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിക്കാമെന്നും മന്ത്രി പറഞ്ഞു. 

കലക്ടർമാർ കേന്ദ്രത്തിന്റെ ആളുകളെന്നു സുധാകരൻ; തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം∙ ജില്ലാ കലക്ടർമാർ ചില ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളാണെന്ന മന്ത്രി ജി.സുധാകരന്റെ പരാമർശം മുഖ്യമന്ത്രി തിരുത്തി. ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ അരുതെന്നു മുഖ്യമന്ത്രി ഉപദേശിച്ചു. പ്രതിപക്ഷ നേതാവ് ഇടപെട്ടപ്പോഴാണു മുഖ്യമന്ത്രി രംഗത്തുവന്നത്.

മലപ്പുറം ദേശീയപാതാ വികസന നടപടികളിൽ പരാതി അറിയിച്ച പി.കെ.അബ്ദുറബ്ബിനോടു തനിക്ക് ഇടപെടാൻ പറ്റില്ലെന്നു സുധാകരൻ മറുപടി നൽകിയിരുന്നു. ‘‘കലക്ടറെ വിളിച്ചുപറഞ്ഞാൽ നാളെ ഞാൻ വിജിലൻസ് കേസിൽപെടും. കലക്ടർ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണു പ്രവർത്തിക്കുന്നത്. ഐഎഎസ് അല്ലേ. ദേശീയപാതാ വികസന അതോറിറ്റി പറയുന്നതാണ് അവർക്കു കാര്യം’’– സുധാകരൻ കത്തിക്കയറി.

ഇത് അടിസ്ഥാനമില്ലാത്ത വാദമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ഐഎഎസുകാർക്കു ബാധകമാണ്. പക്ഷേ അവർ സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ പ്രവർത്തിക്കേണ്ടവരാണ്. തുടർന്ന് ‘അതാണു ശരി’ എന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അവരെ കേന്ദ്രത്തിന്റെ ആളുകളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുമ്പോൾ അതിന് അനുഗുണമായ പ്രസ്താവനകളുണ്ടാകരുത്. സംസ്ഥാന സർക്കാർ പറയുന്നത് അനുസരിക്കാൻ കലക്ടർമാർ ബാധ്യസ്ഥരാണ്– മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കി എന്നായിരുന്നു അതോടെ സുധാകരന്റെ പ്രതികരണം.