Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസ് പ്രതിക്കു ജയിലിൽ വിഐപി പരിഗണനയെന്നു പരാതി

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കു സ്പെഷൽ സബ്ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നതിനെതിരെ കോൺഗ്രസ് നേതാവു കെ.സുധാകരൻ ജയിൽ ‍ഡിജിപിക്കു പരാതി നൽകി.

ജയിലിൽ സന്ദർശകർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത്, സന്ദർശകയായ യുവതിയോടൊപ്പം മൂന്നു ദിവസത്തിനിടെ 12 മണിക്കൂ‍റോളം സ്വതന്ത്രമായി ഇടപഴകാൻ ജയിൽ അധികൃതർ ആകാശിന് അവസരം നൽകിയതായി പരാതിയി‍ൽ ആരോപിച്ചു.

കൂത്തുപറമ്പ് സ്വദേശിയായ യുവതി മാർച്ച് ഒൻപത്, 13 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആകാശുമായി ജയിലിൽ കൂടിക്കാഴ്ച നടത്തിയതായി പരാതിയിൽ പറയുന്നു. 16നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആകാശിനോടൊപ്പം ചെലവഴിച്ച യുവതി പുറത്തുപോയി തിരിച്ചെത്തി രണ്ടര മുതൽ അഞ്ചു മണിവരെ വീണ്ടും ആകാശിനോടൊപ്പമുണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. 

ഷുഹൈബ് വധക്കേസിൽ ഇതുവരെ അറസ്റ്റിലായ 11 പേരും സ്പെഷൽ സബ്ജയിലിലാണുള്ളത്. അവർ താമസിക്കുന്ന സെൽ ഒരിക്കലും പൂട്ടാറില്ലെന്നു സുധാകരൻ ആരോപിച്ചു.

 സന്ദർശകർ തടവുകാരുമായി കൂടിക്കാഴ്ച നടത്തുന്നതു സംബന്ധിച്ച നിയമങ്ങളും സമയക്രമവും ഷുഹൈബ് വധക്കേസ് പ്രതികളുടെ കാര്യത്തിൽ പാലിക്കാറില്ലെന്നും സുധാകരൻ പരാതിയിൽ പറഞ്ഞു.തടവുകാരനെന്ന നിലയിലല്ല, ജയിൽ അധികാരിയെന്ന നിലയിലാണ് ആകാശ് പെരുമാറുന്നതെന്നും സുധാകരൻ ആരോപിച്ചു.