Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ പാളത്തിൽ കേബിളും ഹാൻഡിലും: മോഷണശ്രമമല്ലെന്ന് നിഗമനം

കായംകുളം ∙ റെയിൽവേ പാളത്തിൽ കേബിളും ഫൈബർ ഹാൻഡിലുകളും കണ്ടെത്തിയ സംഭവത്തിൽ ആർപിഎഫും ലോക്കൽ പൊലീസും അന്വേഷണം ഊർജിതമാക്കി. സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനാണ് ആർപിഎഫ് അന്വേഷണത്തിന്റെ ചുമതല. കായംകുളം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കാക്കനാട് വലിയതറ ലവൽക്രോസിനു സമീപമായിരുന്നു സംഭവം. 

പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ഷൻ വാഗൺ കുത്തിത്തുറന്നാണു കേബിളുകളും ഫൈബർ ഹാൻഡിലുകളും എടുത്തത്. ഇവ കടത്തിക്കൊണ്ടു പോകാതെ ട്രാക്കിൽ നിരത്തി വച്ചതിനാൽ മോഷണ ശ്രമമല്ലെന്ന നിഗമനത്തിലാണ് അന്വേഷണം. രണ്ടു മാസം മുമ്പും ഇവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു വാഗണിന്റെ പൂട്ട് തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്. കൂടാതെ ചേരാവള്ളി ലവൽ ക്രോസിനു സമീപമുള്ള വളവിൽ സിഗ്നൽ ബോക്സ് ഇളക്കി പാളത്തിൽ വച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. 

അഞ്ചു പ്ലാറ്റ്ഫോമുകളിലായി നൂറ്റി ഇരുപത്തിയഞ്ചിലധികം ട്രെയിനുകൾ വന്നു പോകുന്ന കായംകുളം റെയിൽവേ സ്റ്റേഷനിൽ സുരക്ഷയൊരുക്കാൻ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ മാത്രമാണ് ഉള്ളത്. ട്രെയിനിലെത്തുന്ന മോഷണ സംഘങ്ങൾ ഇവിടെയിറങ്ങി സമീപ പ്രദേശങ്ങളിൽ മോഷണം നടത്തി തിരിച്ചു മറ്റു ട്രെയിനുകളിൽ പോകുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.