Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്താവളം: ബിജെപി വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതെന്നു കടകംപള്ളി; അതു മന്ത്രിക്കു ചേരുമെന്നു കുമ്മനം

Kadakampalli-Kummanam

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ശബരിമല ഇടത്താവളത്തിന്റെ പേരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമ്മിൽ വാക്പോര്.

ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരിൽ നിർമിക്കുന്നതു കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന ബിജെപിയുടെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനു സമമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചപ്പോൾ, ആ പ്രയോഗം മന്ത്രിക്കു തന്നെയാണു ചേരുന്നത് എന്നായിരുന്നു ഫെയ്സ് ബുക്കിലൂടെ തന്നെ കുമ്മനത്തിന്റെ തിരിച്ചടി.

∙കടകംപള്ളിയുടെ പോസ്റ്റിൽ നിന്ന്: ഇതൊരു ഹറാംപിറപ്പ് പറയലാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയം ചെങ്ങന്നൂരിൽ എന്നല്ല, എവിടെയും ശബരിമല ഇടത്താവളസമുച്ചയം നിർമിക്കാൻ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഭാവനം ചെയ്ത ശബരിമല ഇടത്താവള സമുച്ചയത്തിൽപ്പെട്ട ഒരെണ്ണമാണു ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ യാഥാർഥ്യമാകുന്നത്.

സംസ്ഥാന സർക്കാർ നേരിട്ടും പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎൽ എന്നിവയുടെ കേരള മേഖലയുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളിൽ ഇടത്താവളങ്ങൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ പത്തെണ്ണത്തിനു മുഖ്യമന്ത്രിയുടെയും എന്റെയും സാന്നിധ്യത്തിൽ നിർമാണക്കരാർ ഒപ്പിട്ടു.

ദേവസ്വം ബോർഡും ബിപിസിഎല്ലുമായി ചേർന്നു ചെങ്ങന്നൂരിൽ 9.5 കോടി ചെലവിൽ ഇടത്താവളം നിർമിക്കാൻ കരാറായി. ശിലാസ്ഥാപനം ഇന്നു ഞാൻ നിർവഹിക്കും. അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ ആഗ്രഹമാണ് ഇതിലൂടെ നിറവേറുന്നത്– കടകംപള്ളി പറഞ്ഞു.

∙ കുമ്മനത്തിന്റെ മറുപടി: ‘ആരാന്റെ പന്തിയിലെ വിളമ്പ്’ എന്ന പ്രയോഗം മന്ത്രിയായ കടകംപള്ളി കേൾക്കാതിരുന്നിട്ടുണ്ടാവില്ല. അതാണ് ചെങ്ങന്നൂരിൽ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾ നിർമിക്കാൻ പോകുന്ന ഇടത്താവള സമുച്ചയത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത്.

2018 മാർച്ച് 20നു തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മിഷണർ എൻ.വാസുവും ഐഒസി കേരള റീട്ടെയ്ൽ ഹെഡ് നവീൻ ചരണും ഒപ്പിട്ട കരാർ അനുസരിച്ചാണ് ഇടത്താവള സമുച്ചയം പണിയാൻ ധാരണയായത്. ഇതിൽ കേന്ദ്ര സർക്കാരിനു പങ്കാളിത്തമില്ലെന്ന മന്ത്രിയുടെ വാദം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ്.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിനു പങ്കില്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാരിന് എന്താണു പങ്കാളിത്തം? ദേവസ്വം കമ്മിഷണർ ഒപ്പിടുന്ന കരാറിന്റെ പിതൃത്വം സംസ്ഥാന സർക്കാരിനാണെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഒപ്പിടുന്ന കരാറിന് ആർക്കാണ് അവകാശം– കുമ്മനം ചോദിച്ചു.

related stories