Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യച്ചോർച്ച: കെഎസ്‍യു മാർച്ചിൽ സംഘർഷം

തിരുവനന്തപുരം∙ ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരെയും കെഎസ്‍യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്നു പ്രവർത്തകർക്കു പരുക്കേറ്റു. 

ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണ് എംഎൽഎ ഹോസ്റ്റലിനു സമീപത്തുനിന്നു പ്രവർത്തകർ പ്രകടനമായി നിയമസഭയ്ക്കു മുന്നിലേക്കു നീങ്ങിയത്. യുദ്ധസ്മാരകത്തിനു സമീപം ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞു. തുടർന്നു ധർണ എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞവർഷം എസ്എസ്എൽസി ചോദ്യങ്ങൾ ചോർന്നതിലെ വിജിലൻസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടയിലാണ് ഇപ്പോഴത്തെ ചോദ്യച്ചോർച്ച. എന്താണ് ഉണ്ടായതെന്നു പറയാൻപോലും വിദ്യാഭ്യാസ മന്ത്രിക്കു കഴിയുന്നില്ല. അദ്ദേഹം രാജിവച്ച് ഒഴിയുന്നതാണു നല്ലതെന്നും വിൻസന്റ് പറഞ്ഞു.  

നേതാക്കളുടെ പ്രസംഗങ്ങൾക്കുശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻമാത്യു ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. തുടർന്നു പ്രവർത്തകർ റോഡ് ഉപരോധിച്ചു. അവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ തുടങ്ങിയതോടെ ഉന്തും തള്ളുമായി. രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്നു പൊലീസിനു നേർക്കു കല്ലേറുണ്ടായി. അതോടെ പൊലീസ് ലാത്തിവീശി. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. നേതാക്കൾ ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. സംസ്ഥാന തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് പറഞ്ഞു.

ജലപീരങ്കി പ്രയോഗത്തിൽ സുബിൻ മാത്യു, ജാനിബ്, രാഗിൻ എന്നിവർക്കാണു പരുക്കേറ്റത്. റോജി എം.ജോൺ എംഎൽഎ, റിങ്കു പടിപ്പുരയിൽ, നിഖിൽ ദാമോദർ തുടങ്ങിയവരും പ്രസംഗിച്ചു. 

നേതാക്കളായ ബഷീർ പള്ളിവയൽ, ശ്രീലാൽ ശ്രീറാം, രാഹുൽകൃഷ്ണ, സ്നേഹ, അസ്‍ലം, ടോണി തോമസ്, ആദർശ് ഭാർഗവൻ, ജോബി സി.ജോയി തുടങ്ങിയവർ നേതൃത്വം നൽകി.

related stories