Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യങ്ങളുടെ ക്ലിപ്പിങ് ഇല്ലാതെയും കേസ് തെളിയിക്കാമെന്നു പ്രോസിക്യൂഷൻ

Court Order

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ ക്ലിപ്പിങ്ങിനെ ആശ്രയിക്കാതെയും കേ സ് തെളിയിക്കാനാകുമെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നടി നൽകുന്ന തെളിവുകൾതന്നെ കേസ് തെളിയിക്കാൻ പര്യാപ്തമാണെന്നും അറിയിച്ചു. കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി കോടതി തുടർവാദത്തിനു മാറ്റി.

   ദൃശ്യങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചപ്പോൾ, ശബ്ദത്തിൽ വ്യത്യാസമുണ്ടെന്നും ആധികാരികത പരിശോധിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ മറുപടി നൽകി.  ഓഡിയോ പരിശോധന നടത്തേണ്ടതു പ്രോസിക്യൂഷനല്ലേ എന്നു കോടതി ചോദിച്ചു. ഇരയുടെ സ്വകാര്യതയ്ക്കു വിധേയമായാണു ന്യായവിചാരണയെന്നും വാദത്തിനിടെ പരാമർശിച്ചു. 

ദൃശ്യങ്ങൾ ഈ കേസിൽ തൊണ്ടിമുതലാണ്, തെളിവല്ലെന്നും ഈ ദൃശ്യങ്ങൾക്കു വേണ്ടിയാണു പ്രതി ക്വട്ടേഷൻ നൽകിയതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതിഭാഗം പലതവണ വിഡിയോ കണ്ടതാണ്. ദൃശ്യങ്ങൾ നൽകിയാൽ അതു വാർത്തയാക്കാൻ സാധ്യതയുണ്ട്. ഇത്തരം കേസുകളിൽ ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിരവധി നിയമങ്ങളുണ്ടെന്നും അറിയിച്ചു. 

ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്ന് ദിലീപിന്റെ ഹർജി ആരോപിക്കുന്നു. പകർപ്പു നൽകണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെയാണു ഹർജി.

related stories