Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിസി: റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 1500ലേറെ

ldc

പിഎസ്‌സിയുടെ നിലവിലുള്ള എൽഡി ക്ലാർക്ക് (എൽഡിസി) റാങ്ക് പട്ടിക റദ്ദാകുംമുൻപു പരമാവധി നിയമനം നടത്താനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായി ഇന്നലെ വരെ വിവിധ ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്തത് ആയിരത്തിഅഞ്ഞൂറിലേറെ ഒഴിവുകൾ. പുതിയ റാങ്ക് പട്ടിക ഏപ്രിൽ ആദ്യവാരം പുറത്തുവരുന്നതോടെയാണു നിലവിലെ പട്ടിക ഇല്ലാതാകുക.

മേയ് 31ന് ഓരോ വകുപ്പിലും എത്ര ഒഴിവുകളുണ്ടാകുമെന്ന വിവരം സർക്കാരിന്റെ പക്കലില്ല. നൂറോളം സർക്കാർ വകുപ്പുകളിൽ എൽഡിസി റാങ്ക് പട്ടികയിൽ നിന്നാണു നിയമനം നടത്തുന്നത്. ഇത്രയും വകുപ്പുകളിൽ മേയ് 31 വരെ എത്രപേർ വിരമിക്കുന്നുണ്ടെന്നും പ്രമോഷൻ നൽകിയ ശേഷം എത്ര എൽഡിസി തസ്തിക ഒഴിവു വരുമെന്നും കണക്കാക്കിയിട്ടില്ല.

ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ നിലവിലെ റാങ്ക് പട്ടികയിൽ നിന്നാണു നികത്തുക. ഈ മാസം 31 വരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാമെന്നതിനാൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ. 31നു രാത്രി 12 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കൂടി കണക്കാക്കി നിയമനം നൽകാനാകുമെന്നു പിഎസ്‌സി ജില്ലാ അധികൃതർ പറഞ്ഞു.

എന്നാൽ മാർച്ച് 31നു വിരമിക്കുന്നവരുടെ ഒഴിവുകൾ ഏപ്രിൽ രണ്ടിനു മാത്രമേ റിപ്പോർട്ട് ചെയ്യാൻ സാധിക്കൂ. അന്നു തന്നെ പുതിയ റാങ്ക് പട്ടിക നിലവിൽ വന്നേക്കുമെന്നതിനാൽ നിലവിലെ പട്ടികയിലുള്ളവർക്ക് ഈ ഒഴിവുകളിൽ നിയമനം ലഭിക്കാൻ സാധ്യതയില്ല.

വിവിധ ജില്ലകളിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത എൽഡി ക്ലാർക്ക് ഒഴിവുകൾ ഇങ്ങനെ: തിരുവനന്തപുരം (103), കൊല്ലം (40), പത്തനംതിട്ട (29), ഇടുക്കി (26), കൊച്ചി (80), തൃശൂർ (77), പാലക്കാട് (59), മലപ്പുറം (102), കോഴിക്കോട് (97), വയനാട് (45), കണ്ണൂർ (85), കാസർകോട് (594).