Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി വരില്ല

Train

ന്യൂഡൽഹി ∙ പാലക്കാട്ടെ കഞ്ചിക്കോട്ട് റെയിൽവേ കോച്ച് നിർമാണ ഫാക്ടറി സ്ഥാപിക്കാനാവില്ലെന്നു റെയിൽവേ ബോർഡ്. മെട്രോ ട്രെയിനുകൾക്കായി കോച്ച് ഫാക്ടറിയെന്നതിന്റെ സാധ്യത സംയുക്തമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. 

നിലവിൽ മൂന്നു ഫാക്ടറികളിൽ നിർമിക്കുന്ന കോച്ചുകൾ റെയിൽവേയുടെ ഉപയോഗത്തിനു മതിയാകും. അതുകൊണ്ടാണു പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലാത്തതെന്നും പല നഗരങ്ങളിലെയും മെട്രോ റെയിൽ വികസനം കണക്കിലെടുത്ത് ആ മേഖലയിലെ ആവശ്യം പഠിക്കാവുന്നതാണെന്നും റെയിൽവേ ബോർഡ് അധ്യക്ഷൻ വിശദീകരിച്ചു. 

സംസ്ഥാനത്തെ റെയിൽ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൽ ഇനി എല്ലാ മാസവും യോഗം നടത്തും. ചർച്ചയിൽ ഉന്നയിക്കപ്പെട്ട മറ്റു വിഷയങ്ങളും തീരുമാനങ്ങളും: 

∙ തിരുവനന്തപുരം – കാസർകോട് മൂന്നാമത്തെയും നാലാമത്തെയും ബ്രോഡ്ഗേജ് പാതകൾക്കുള്ള 46,000 കോടി രൂപയുടെ പദ്ധതി. സാധ്യതാപഠനം നടത്തും. 

∙ മാനന്തവാടി വഴി പുതിയ തലശ്ശേരി – മൈസൂരു ബ്രോഡ്ഗേജ് പാതയുടെ നിർമാണം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പദ്ധതി ചർച്ച. 

∙ ചെങ്ങന്നൂർ – തിരുവനന്തപുരം റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റത്തിനു കേരളം നൽകിയ പദ്ധതി അംഗീകരിച്ചില്ല. ധനസ്ഥിതിയാണു പ്രശ്നം. 

∙ അങ്കമാലി – ശബരി പാത. പകുതി ചെലവു കേരളം വഹിക്കണമെന്ന റെയിൽവേയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി. 1996ൽ പദ്ധതി പ്രഖ്യാപിച്ചതും റെയിൽവേ നടപ്പാക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നൽകിയതുമാണ്. തുടർനടപടി മന്ത്രാലയം ചർച്ച ചെയ്യും. 

∙ ബാലരാമപുരം – വിഴിഞ്ഞം പാതയെ പ്രധാനപാതയുമായി ബന്ധപ്പെടുത്താൻ ബാലരാമപുരത്ത് സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതി റെയിൽവേ നടപ്പാക്കും. 

∙ എരുമേലി – പുനലൂർ, ഏറ്റുമാനൂർ – പാലാ പുതിയ പാത. നിലവിൽ ഫണ്ട് ഇല്ലെന്നു റെയിൽവേ. 

∙ കൊച്ചി വിമാനത്താവളത്തിലേക്കു പുതിയ പാത പ്രയോജനകരമല്ലെന്നു വിലയിരുത്തി തള്ളി. 

∙ ഉപേക്ഷിക്കപ്പെട്ട എറണാകുളം റെയിൽവേ ടെർമിനൽ സ്റ്റേഷന്റെ വികസനം. ദക്ഷിണ റെയിൽവേ നടപടിയെടുക്കും. 

∙ സ്റ്റേഷനുകളുടെ വികസനത്തിനും നിലവാരം ഉയർത്താനുമുള്ള പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊച്ചുവേളി എന്നിവയെയും ഉൾപ്പെടുത്തും. 

∙ ഗുരുവായൂർ – തിരുനാവായ പുതിയ പാത സർവേ പൂർത്തിയാക്കും. 

∙ എറണാകുളം – കുമ്പളം – തുറവൂർ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ. പകുതിച്ചെലവു സംസ്ഥാനം വഹിക്കില്ല. ഫണ്ട് ഇല്ലാത്തതിനാൽ ഏറ്റെടുക്കാനാവില്ലെന്നു റെയിൽവേ. 

∙ നേമം സ്റ്റേഷന്റെ വികസനം. മുൻഗണനയുണ്ടെങ്കിലും ബജറ്റിൽ പണം വകയിരുത്താത്തതു പരിശോധിച്ചു നടപടി. 

∙ രാജധാനി ട്രെയിനുകളുടെ സർവീസ് മൂന്നിൽനിന്ന് അഞ്ചു ദിവസമാക്കി വർധിപ്പിക്കുക, പുതിയ തിരുവനന്തപുരം – കണ്ണൂർ ശതാബ്ദി തുടങ്ങുക. രണ്ടും തത്വത്തിൽ അംഗീകരിച്ചു. 

∙ നിലവിൽ കേരളത്തിലെ മൂന്നു ട്രെയിനുകൾക്കു മാത്രമാണ് ആധുനിക എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കുന്നത്. കൂടുതൽ‍ ട്രെയിനുകൾക്ക് ഇവ ഉപയോഗിക്കാൻ ധാരണ. ജൈവ ശുചിമുറികളുടെ എണ്ണവും വർധിപ്പിക്കും. 

∙ സർക്കാരിന്റെ മഴക്കൊയ്ത്ത് പദ്ധതിക്കായി റയിൽവേയുടെ ഭൂമി ഉപയോഗിക്കുക. റെയിൽവേ സഹകരിക്കും. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ബിശ്വാസ് മേത്ത, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധൻ റാവു, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.