Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായംകുളത്ത് പാളത്തിനു കുറുകെ പഴയ പാളമിട്ടു; ഒഴിവായത് ദുരന്തം

rail-track കായംകുളം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ പഴയ പാളം കണ്ടെത്തിയ ഭാഗത്ത് ആർപിഎഫ് അസി.കമ്മിഷണർ ടി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

കായംകുളം ∙ ഒരാഴ്ചയ്ക്കിടെ കായംകുളത്തു റെയിൽവേ ലൈനിൽ രണ്ടാമത്തെ അട്ടിമറിശ്രമം. റെയിൽവേ സ്റ്റേഷനു സമീപം കെ പി റോഡിലെ മേൽപ്പാലത്തിനടുത്തുള്ള സിഗ്നലിനോടു ചേർന്ന് എൺപതു കിലോയോളം ഭാരവും ഒരു മീറ്റർ നീളവുമുള്ള പഴയ പാളം ട്രാക്കിനു കുറുകെ വച്ചതായി ഇന്നലെ രാവിലെ കണ്ടെത്തി.

കാക്കനാട് വലിയതറ ലവൽക്രോസിനു സമീപം നിർത്തിയിട്ട ഇലക്ട്രിക്കൽ ഇൻസ്പെക്‌ഷൻ വാഗൺ കുത്തിത്തുറന്ന് എട്ടു കിലോ കേബിളുകൾ പാളത്തിൽ നിരത്തിയിട്ടതായി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. പുലർച്ചെയാണു സംഭവമെന്നു കരുതുന്നു. രാവിലെതന്നെ സ്റ്റേഷനിലെ കീമാൻ പാളം പരിശോധിക്കാനെത്തിയപ്പോഴാണ് ഇന്നലെ പാളത്തിനു കുറുകെ പഴയ പാളത്തിന്റെ കഷണം കണ്ടെത്തിയത്. അപ്പോഴേക്കു സംഭവം നടന്ന് അധിക സമയമായിട്ടില്ലെന്നാണു സൂചന. ഉടനെ സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് ആർപിഎഫ് സിഐ അനിൽകുമാറും സംഘവും സ്ഥലത്തെത്തി.

പിന്നീട് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇരുമ്പുപാളത്തിന്റെ ഭാഗം പാളങ്ങളുടെ നടുവിലേക്കു മാറ്റി. വൈകുന്നേരത്തോടെയാണു പൂർണമായി എടുത്തുമാറ്റിയത്. ട്രെയിനുകളൊന്നും തടസ്സപ്പെട്ടില്ല. തിരുവനന്തപുരത്തുനിന്നു ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചു. സംഭവസ്ഥലത്തു നിന്ന് 500 മീറ്റർ അകലെ ഇല്ലിക്കുളം റെയിൽവേ അടിപ്പാതയ്ക്കു സമീപംവരെ നായ ഓടി. ലോക്കൽ പൊലീസും ആർപിഎഫ് ഇന്റലിജൻസും നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മോഷണശ്രമമാണെന്നും സംശയിക്കുന്നു.

കഴിഞ്ഞ 24 നു കേബിളുകളും ഫൈബർ ഹാൻഡിലുകളും പാളത്തിൽ നിരത്തിയതും പുലർച്ചെയായിരുന്നു. പുലർച്ചെ 2.40 നുള്ള മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ വേഗം കുറച്ചു വന്നതിനാൽ അന്ന് അപകടം ഒഴിവാകുകയായിരുന്നു.

രണ്ടു മാസം മുൻപ് 50 കിലോയിലേറെ ഭാരമുള്ള പഴയ സിഗ്നൽ ബോക്സ് ചേരാവള്ളി ലവൽക്രോസിനു സമീപം ട്രാക്കിൽ വച്ച് അട്ടിമറി ശ്രമം നടന്നിരുന്നു. ട്രെയിൻ തട്ടി അന്നു ബോക്സ് തെറിച്ചുപോവുകയായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം ഉപയോഗശൂന്യമായ സാമഗ്രികൾ ഉപേക്ഷിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതെന്നു റെയിൽവേ വൃത്തങ്ങൾ തന്നെ പറയുന്നു. അന്വേഷണം ഊർജിതമാക്കിയതായി ആർപിഎഫ് അസി. കമ്മിഷണർ ടി.എസ്.ഗോപകുമാർ അറിയിച്ചു.