Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസ്: വണ്ടിയോടിച്ചിരുന്ന പ്രതിക്കു ലൈസൻസ് ഇല്ല

Shuhaib കൊല്ലപ്പെട്ട ഷുഹൈബ്

കണ്ണൂർ∙ എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്താൻ സംഘം സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവറെന്നു പൊലീസ് വെളിപ്പെടുത്തിയയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. ഇതോടെ നാട്ടുകാരിൽ ചിലരെ സാക്ഷിയാക്കാൻ പൊലീസ് ശ്രമം തുടങ്ങി. പാലയോട് തയ്യുള്ളതിൽ പുതിയപുരയിൽ അസ്കർ (26) ആണു വാഹനമോടിച്ചിരുന്നത് എന്നാണു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്.

തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂർ ആർടി ഓഫിസുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾക്കു ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയതായി പൊലീസ് പറയുന്നു. തുടർന്നാണ് ഇയാൾ സ്ഥിരമായി വാഹനമോടിക്കുന്നതായി കാണാറുണ്ടെന്നു സാക്ഷി പറയാൻ നാട്ടുകാരിൽ സമ്മർദമുണ്ടാക്കിത്തുടങ്ങിയത്. ഇക്കാര്യത്തിൽ പ്രദേശവാസിയായ ഒരാൾ പൊലീസുമായി സഹകരിക്കാൻ തയാറായിട്ടുണ്ട്.

ഷുഹൈബ് വധക്കേസിന്റെ പേരിൽ അസ്കറിനെ ഏതാനും ദിവസം മുൻപു സിപിഎമ്മിൽ നിന്നു പുറത്താക്കിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ അസ്കറിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾക്കകം അസ്കറിനു ജാമ്യം ലഭിക്കുമെന്നും കേസിനെക്കുറിച്ച് ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ഉറപ്പു നൽകിയതായും കുടുംബത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കി. സ്ത്രീകൾ മാത്രമുള്ള കുടുംബത്തോടു കേസിനെക്കുറിച്ചും കേസ് നടത്തിപ്പിനെക്കുറിച്ചും മറ്റുള്ളവരോട് ഒന്നും വെളിപ്പെടുത്തരുതെന്നു വിലക്കിയതായും ഇവർ പറയുന്നു.