Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാളത്തിൽ തുടരെ അട്ടിമറിശ്രമങ്ങൾ: ഒന്നിനും തുമ്പു കണ്ടെത്താതെ വീണ്ടും അന്വേഷണം

കായംകുളം ∙ റെയിൽവേ ലൈനിൽ അടിക്കടി അട്ടിമറി എന്നു സംശയിക്കുന്ന സംഭവങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട് ആർപിഎഫും ലോക്കൽ പൊലീസും അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ 80 കിലോയോളം ഭാരമുള്ള പഴയ പാളത്തിന്റെ ഭാഗം കുറുകെ വച്ച നിലയിൽ കണ്ടെത്തിയതാണ് ഏറ്റവും പുതിയ സംഭവം. ആർപിഎഫ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. 

സംഭവസ്ഥലത്തിന് അൽപം മാറിക്കിടന്ന പഴയ പാളത്തിന്റെ ഭാഗം മോഷ്ടിക്കാൻ നടത്തിയ ശ്രമമാണെന്നാണു പ്രാഥമിക സൂചനയെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നു. ഇതിനോടൊപ്പം കായംകുളം പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 

ഇലക്ട്രിക്കൽ ഇൻസ്പെക്‌ഷൻ വാഗൺ കുത്തിത്തുറന്ന് എട്ടു കിലോ കേബിളുകൾ പാളത്തിൽ നിരത്തിയതു കഴിഞ്ഞയാഴ്ചയാണ്. രണ്ടു മാസം മുൻപ് 50 കിലോയിലേറെ ഭാരമുള്ള പഴയ സിഗ്നൽ ബോക്സ് ട്രാക്കിൽ വച്ചതായും കണ്ടെത്തി. എല്ലാം മോഷണശ്രമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നിനും തുമ്പു കണ്ടെത്താനാകാത്തതാണു ദുരൂഹത വർധിപ്പിക്കുന്നത്.