Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാസ്റ്റ് എയ്ഡ് ബോക്സ് !

first-aid-box കണ്ണൂർ നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഫസ്റ്റ് എയ്ഡ് ബോക്സ്. പ്ലാസ്റ്റിക് കവറുകൾ, ഇൻസുലേഷൻ ടേപ്പ്,സോപ്പ്,കയർ,യുഎസ്ബി കേബിൾ,സ്ക്രൂഡ്രൈവറുകൾ തുടങ്ങിയവയാണ് ബോക്സിൽ കാണുന്നത്. ചിത്രം:മനോരമ

ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സിൽ പ്രഥമശുശ്രൂഷയ്ക്കു വേണ്ട സാധനങ്ങൾ ഉണ്ടോ? കൊച്ചിയിൽ ബസ്  യാത്രയ്ക്കിടെ കുഴഞ്ഞുവീണ  യുവാവ് ചികിൽസ  കിട്ടാതെ മരിച്ച പശ്ചാത്തലത്തിൽ  നടത്തിയ അന്വേഷണം.

മനോരമ സംഘം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ മിക്കവാറും ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സുകൾ ഇല്ല. ഉള്ളവയിൽ തന്നെ പ്രഥമശ്രുശൂഷയ്ക്കുള്ള സാധനങ്ങളൊന്നുമില്ല. പല ബസുകളിലും കാലാവധി കഴിഞ്ഞ മരുന്നുകളും പഴകിയ ബാൻഡേജും മാത്രമാണുണ്ടായിരുന്നത്. 

കണ്ണൂരിൽ ഒരു ബസിന്റെ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്നപ്പോൾ കണ്ടത് ഇതൊക്കെ: പ്ലാസ്റ്റിക് കയർ, ഇൻസുലേഷൻ ടേപ്പ്, സ്ക്രൂ ഡ്രൈവർ, സോപ്പ്, യുഎസ്ബി കേബിൾ, പ്ലാസ്റ്റിക് സഞ്ചികൾ... പ്ലാസ്റ്റിക് സഞ്ചികൾ ഫസ്റ്റ് എയ്ഡിനുള്ളതാണെന്ന് ഒരു ജീവനക്കാരൻ: ‘യാത്രക്കാർ ഛർദ്ദിക്കുമ്പോൾ’ കൊടുക്കാനാണത്രേ. 

പാലക്കാട്ട് പരിശോധിച്ച അഞ്ചു ബസുകളിൽ നാലെണ്ണത്തിലും തോർത്ത്, സോപ്പ്, എണ്ണ എന്നിവയാണു കണ്ടത്.  അപൂർവം ചില ദീർഘദൂര ബസുകളിൽ, ഭേദപ്പെട്ട ഫസ്റ്റ് എയ്ഡ് ബോക്സും കണ്ടെത്തി. പുതിയ ഏതാനും ബസുകളിൽ ഒഴികെ, കെഎസ്ആർടിസിയുടെ മിക്ക ബസുകളിലും ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളോ മറ്റു സാധനങ്ങളോ സൂക്ഷിക്കാറില്ല. 

അപസ്മാരത്തിന് താക്കോ‍ൽ ! 

കൊച്ചിയിൽ അപസ്മാര രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ, ബസിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടായിരുന്നു. മുറിവിനുള്ള മരുന്നുകളാണ് ഇതിലുണ്ടായിരുന്നത്. യാത്രക്കാരൻ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ കൈയിൽ താക്കോൽ നൽകിയതായി ജീവനക്കാർ മൊഴി നൽകി. 

പിഴയീടാക്കില്ല, ആശുപത്രിയിലെത്തിക്കണം 

കൊച്ചിയിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കുന്നതിനു തടസ്സമായി ബസ് ജീവനക്കാർ പറഞ്ഞത് ട്രിപ്പ് മുടങ്ങിയാൽ പ്രശ്നമാകുമെന്നാണ്. എന്നാൽ, യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാനോ ജീവനക്കാർക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായാലോ പിഴ ഈടാക്കാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.

പരിശോധന കഴിഞ്ഞാൽ പെട്ടി പൂട്ടും! 

ഫിറ്റ്നസ് പരിശോധന നടക്കുന്ന സമയത്ത് ഫസ്റ്റ് എയ്ഡ് ബോക്സ് പരിശോധിക്കാറുണ്ട്. ഈ സമയത്ത് മരുന്നുകളും മറ്റും ഉണ്ടെന്ന് ഉറപ്പാക്കാറുണ്ട്. എന്നാൽ, പിന്നീട് ഇവ അപ്രത്യക്ഷമാകും. 

പ്രഥമശുശ്രൂഷ പരിശീലനം കടലാസിൽ മാത്രം

പൊതുവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്കു പ്രഥമശുശ്രൂഷയിൽ നിർബന്ധിത പരിശീലനം നൽകണമെന്നു കേരള മോട്ടോർ വാഹന നിയമത്തിൽ ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് അധികൃതർ തന്നെ പറയുന്നു. 

ഡ്രൈവർമാർക്കു ബാഡ്ജ് ലഭിക്കാൻ പ്രഥമശുശ്രൂഷാ പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ, പരിശീലനം നൽകാൻ പ്രത്യേക സംവിധാനങ്ങളൊന്നും നിലവിൽ ഇല്ലെന്നും ഡ്രൈവിങ് സ്കൂളുകളും മറ്റും വഴി സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുകയാണു പതിവെന്നുമാണു വിവരം. 

പെട്ടിയിൽ വേണ്ടത് ഇതൊക്കെ

1989ലെ കേരള മോട്ടോർ വാഹന നിയമപ്രകാരം പൊതുവാഹനങ്ങളുടെ ഫസ്റ്റ് എയ്ഡ് ബോക്സിൽ വേണ്ടത്: 

മുറിവു കെട്ടാനുള്ള തുണി– 15 കെട്ട് 

അയഡിൻ ആൽക്കഹോൾ 

സൊല്യൂഷൻ– ഒരു കുപ്പി 

സാൽവോലറ്റൈൽ – ഒരു കുപ്പി 

സ്നേക്ക് ബൈറ്റ് ലാൻസെറ്റ് – ഒന്ന് 

പൊട്ടാഷ്യം പെർമാംഗനേറ്റ്

ക്രിസ്റ്റൽ–ഒരു കുപ്പി 

കത്രിക– ഒന്ന് 

50 എംഎൽ മെഡിസിൻ ഗ്ലാസ് – ഒന്ന് 

മുറിവു കെട്ടാനുള്ള പഞ്ഞി – 

25 ഗ്രാമിന്റെ രണ്ടു കെട്ട്. 

അടപ്പുള്ള ഒഴിഞ്ഞ കുപ്പിയും മൃദുവായ ബ്രഷും – ഓരോന്ന്

പ്രഥമശുശ്രൂഷാ കൈപ്പുസ്തകം