Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംയുക്ത ട്രേഡ് യൂണിയൻ സമിതി രാജ്ഭവൻ മാർച്ച് നടത്തി

Rajbhavan March പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്ഭവനിലേക്കു നടത്തിയ മാർച്ച്.

തിരുവനന്തപുരം∙ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്രനയത്തിനെതിരായ പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി രാജ്ഭവൻ മാർച്ച് നടത്തി. മ്യൂസിയം ജംക്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു തൊഴിലാളികൾ അണിനിരന്നു. മാർച്ച് രാജ്ഭവനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

തൊഴിലാളിവിരുദ്ധ നയങ്ങളുടെ ആശാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയതായി അദ്ദേഹം ആരോപിച്ചു. തൊഴിൽനിയമങ്ങളെ അട്ടിമറിച്ചു പഴയ കാലത്തെ കൂലി–അടിമ വ്യവസ്ഥ തിരികെക്കൊണ്ടുവരാനാണു മോദിയുടെ ശ്രമം. തൊഴിലാളിവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ മോദി നൊബേൽ സമ്മാനത്തിന് അർഹനാണെന്നും ആനത്തലവട്ടം പറഞ്ഞു.

കോർപറേറ്റ് വൽക്കരണത്തിലൂടെ സാധാരണക്കാരുടെ തൊഴിൽസാധ്യത ഇല്ലായ്മ ചെയ്യുകയാണു മോദി സർക്കാരെന്ന് അധ്യക്ഷത വഹിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആരോപിച്ചു. വിവിധ സംഘടനാ നേതാക്കളായ വി.ശിവൻകുട്ടി, പാലോട് രവി, ഷിബു ബേബിജോൺ, കെ.പി.രാജേന്ദ്രൻ, രാധാകൃഷ്്ണൻ, ശ്രീകുമാരൻ നായർ, മാഹീൻ അബൂബക്കർ, ജി.സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.