Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ കരാർ നിയമഭേദഗതി: കേരളത്തിൽ 2005 മുതൽ പ്രാബല്യത്തിലുണ്ടെന്നു വാദം

കൊച്ചി ∙ തൊഴിൽ നിയമഭേദഗതിയിൽ നിയമവിദഗ്ധർ രണ്ടു പക്ഷത്ത്. കേരളത്തിൽ 2005 മുതൽ പ്രാബല്യത്തിലുള്ള തൊഴിൽ കരാർ ഭേദഗതി കേന്ദ്ര സർക്കാർ വീണ്ടും നടപ്പിലാക്കുമ്പോൾ കേരളത്തിൽ മാത്രം പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിയതിന്റെ പ്രസക്തിയെ ഒരുപക്ഷം ചോദ്യം ചെയ്യുന്നു. വൈകിയെങ്കിലും കേരളത്തിലെ തൊഴിലാളി സംഘടനകൾ യാഥാർഥ്യം തിരിച്ചറിഞ്ഞത് ആശ്വാസകരമെന്നാണു മറുപക്ഷത്തിന്റെ നിലപാട്.

തൊഴിലുടമയുടെ ഇഷ്ടാനുസരണം ഏതു സമയത്തും ഒരു കാരണവും കൂടാതെ തൊഴിലാളികളെ പിരിച്ചു വിടാൻ തൊഴിലുടമയ്ക്ക് അവസരം നൽകുന്നതാണു കേന്ദ്ര ഭേദഗതിയെന്നു പണിമുടക്കിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2005 മുതൽ ഇതിനു സമാനമായ ഭേദഗതി കേരള സർക്കാർ കൊണ്ടുവന്ന ‘നിശ്ചിതകാല തൊഴിൽ ചട്ടം’ ഇവിടെ നിലനിൽക്കുന്ന വിവരം എന്തുകൊണ്ടാണ് തൊഴിലാളി സംഘടനകൾ ഇതുവരെ കാണാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

തൊഴിലാളി സംഘടനകളുടെ സമ്മർദത്തെ തുടർന്ന് 2007ലെ യുപിഎ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ നിശ്ചിതകാല തൊഴിലെന്ന വ്യവസ്ഥയാണ് എൻഡിഎ സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ ഒരേ സമയം തൊഴിലാളി വിരുദ്ധവും അനുകൂലവുമായ വ്യവസ്ഥകളുണ്ടെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ ഭേഗഗതി അനുസരിച്ചു നിലവിലുള്ള സ്ഥിരം തൊഴിലാളികളെ കരാർ തൊഴിലാളികളാക്കിമാറ്റാൻ കഴിയില്ലെന്ന വ്യവസ്ഥയുണ്ടെന്നാണു കേന്ദ്ര സർക്കാർ അനുകൂല സംഘടനകൾ പറയുന്ന പ്രധാന നേട്ടം. ഇതേ സമയം നിയമന കാലാവധി പൂർത്തിയാവുന്ന ഘട്ടത്തിൽ സേവനകാലം അവസാനിച്ചതായി കണക്കാക്കി നോട്ടിസോ പിരിച്ചുവിടൽ വേതനമോ ലഭിക്കാതെ തൊഴിൽ നഷ്ടപ്പെടുന്നതോടെ തൊഴിലാളി അരക്ഷിതാവസ്ഥയിലാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കരാർ തൊഴിലാളികൾക്കു സ്ഥിരം തൊഴിലാളികൾക്കു നൽകി വരുന്ന ജോലിയും വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണു ഭേഗഗതിക്ക് അനുകൂലമായ രണ്ടാമത്തെ വാദം.