Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിലെ മിച്ചഭൂമി തട്ടിയെടുക്കാനുള്ള ശ്രമം വിജിലൻസ് അന്വേഷിക്കും: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ വയനാട്ടിൽ സിപിഐ നേതാക്കളുടെ സഹായത്തോടെ മിച്ചഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻഡ് റവന്യു കമ്മിഷണറുടെ വിശദമായ അന്വേഷണം സിപിഐയുടെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിജിലൻസ് അന്വേഷണത്തിനു കൂടി മുഖ്യമന്ത്രി മുതിർന്നത്.

താനും മുഖ്യമന്ത്രിയും കൂട്ടായി ആലോചിച്ച കാര്യങ്ങളാണു സഭയിൽ പറഞ്ഞതെന്നു മന്ത്രി ചന്ദ്രശേഖരൻ തുടർന്നു വിശദീകരിച്ചു. ഒരു ചാനൽ സിപിഐയെയും സർക്കാരിനെയും അവഹേളിക്കാനായി ബോധപൂർവം കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്തയാണിതെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഭരണകക്ഷിനേതാക്കൾകൂടി ഉൾപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സിപിഐ നേതാക്കളുടെ തട്ടിപ്പ് ക്യാമറയിലൂടെ പുറത്തുവന്നുവെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചു വി.ഡി.സതീശൻ പറഞ്ഞു.

മിച്ചഭൂമിയായുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കി വിവരങ്ങൾ തട്ടിപ്പുകാർക്കു കൈമാറിയാണു കൊള്ള. സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും ഡപ്യൂട്ടി കലക്ടറും ഇതിനെല്ലാം സഹായം നൽകി. എല്ലാ ജില്ലകളിലും ഇതാണു സ്ഥിതി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിക്കു കഴിയുന്നില്ല. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നിന്നാണു സെക്രട്ടേറിയറ്റിലേക്കുള്ള പാസ് നൽകുന്നത്. പുറമെ ആദർശം പറഞ്ഞ് അഴിമതി നടത്തുന്ന പാർട്ടിയായി സിപിഐ അധഃപതിച്ചുവെന്നും സതീശൻ ആരോപിച്ചു.

ഒരു തരത്തിലുമുള്ള ഭൂമി കൈമാറ്റവും നടന്നിട്ടില്ലെന്നു മന്ത്രി ചന്ദ്രശേഖരൻ വിശദീകരിച്ചു. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കഥ മെനയുകയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയോ മറ്റു നേതാക്കളോ ഇടപെട്ടില്ല. തനിക്കു കിട്ടിയ അപേക്ഷ പരിശോധിക്കാൻ നിർദ്ദേശിക്കുക മാത്രമാണു ചെയ്തത്. ഏതെങ്കിലും രാഷ്ട്രീയ ഇടപെടലുണ്ടെങ്കിൽ അതു രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച ലാൻഡ് റവന്യു കമ്മിഷണറും പരിശോധിക്കും സസ്പെൻഡ് ചെയ്യപ്പെട്ട ഡപ്യൂട്ടി കലക്ടർ കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകനാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

അഴിമതിക്കാരായ ചുരുക്കം ചില ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ടെന്നും അവരിലൊരാളുടെ ചെയ്തിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിതലത്തിലോ, സെക്രട്ടേറിയറ്റ് തലത്തിലോ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെ തനിനിറം പുറത്തുവന്നുവെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറിയടക്കം സർക്കാർഭൂമി മറിച്ചുനൽകാൻ ഒത്താശ ചെയ്യുന്നതു മന്ത്രിയുടെ പിൻബലത്തിലാണ്. മിച്ചഭൂമി വിതരണം ചെയ്യാനും തരം മാറ്റാനും കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതിനെയും അട്ടിമറിക്കാനുള്ള കൗശലം സിപിഐക്കുണ്ടെന്നാണു വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. 

മാണിയെ തടഞ്ഞു സിപിഐ മന്ത്രി, ക്ഷണിച്ചു മുഖ്യമന്ത്രി

സിപിഐക്കെതിരെ സഭയിലുയർന്ന അഴിമതി വിവാദത്തിൽ സംസാരിക്കാൻ എഴുന്നേറ്റ കെ.എം.മാണിക്ക് അതിന് അനുവാദം നൽകരുതെന്നു സിപിഐയുടെ മന്ത്രി വി.എസ്.സുനിൽകുമാർ. എന്നാൽ, മാണി സംസാരിക്കട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടിസ് അവതരണവേളയിലാണ് ‘സിപിഐ–മാണി’ രാഷ്ട്രീയം സഭയിലും മറനീക്കിയത്. പ്രതിപക്ഷത്തിന്റെ നോട്ടിസിൽ ഒപ്പുവയ്ക്കാത്തതിനാൽ മാണി പ്രസംഗിക്കുന്നതു ചട്ടപ്രകാരമല്ലെന്നു സുനിൽ വാദിച്ചു.

എന്നാൽ, പ്രതിപക്ഷത്തു രണ്ടഭിപ്രായമുണ്ടെങ്കിൽ അതു പുറത്തേക്കു വരാൻ മാണി സംസാരിക്കട്ടെയെന്ന ഉപായം വച്ചുകൊണ്ടാണു മുഖ്യമന്ത്രി മാണിയെ ക്ഷണിച്ചത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പിന്തുണച്ചു. ഡപ്യൂട്ടി കലക്ടർ മാത്രം വിചാരിച്ചാൽ ഇതൊന്നും നടക്കില്ലെന്നു മാണി പറഞ്ഞു. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലിരിക്കുന്നുവർക്കും ഇതിലൊക്കെ പങ്കുണ്ട്. അതിനാൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂവെന്നു മാണി അഭിപ്രായപ്പെട്ടു.