Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Palghat Elephant പാലക്കാട് മേലാർകോട് ആണ്ടിത്തറ നാപ്പൻപൊറ്റയിൽ ഇടഞ്ഞ ആന. ഇൻസെറ്റിൽ കുത്തേറ്റു മരിച്ച പാപ്പാൻ കണ്ണൻ

ചിറ്റിലഞ്ചേരി (പാലക്കാട്)∙ മേലാർകോട് പള്ളിനേർച്ചക്കെത്തിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ അന്തിക്കാട് മാങ്ങാട്ടുകര ആലങ്ങാട് കൂട്ടാലപ്പറമ്പിൽ വേലായുധന്റെ മകൻ വി. കണ്ണൻ (34) ആണു മരിച്ചത്. ഊക്കൻസ് കുഞ്ചുവെന്ന ആനയുടെ കുത്തേറ്റാണു കണ്ണൻ മരിച്ചത്. 

ഇന്നലെ പുലർച്ചെ നാലു മണിയോടെയാണു സംഭവം. പുലർച്ചെ നടക്കേണ്ട എഴുന്നള്ളത്തിന് ആനയുടെ ചങ്ങല അഴിക്കുന്നതിനിടെ ആന അക്രമാസക്തനായി. സംഭവം നടന്നു രണ്ടു മണിക്കൂർ കഴിഞ്ഞേ മൃതദേഹം ആനയുടെ അടുത്തു നിന്നു മാറ്റാനായുള്ളൂ. മേലാർകോട് മസ്താൻ ഔലിയ പള്ളി നേർച്ചയ്ക്കാണു കുഞ്ചുവിനെ എത്തിച്ചത്. 

തിങ്കളാഴ്ച വൈകിട്ടത്തെ എഴുന്നള്ളത്തു കഴിഞ്ഞു സമീപത്തെ വീട്ടുവളപ്പിൽ തളച്ചു. ആനയ്ക്കു വെള്ളം നൽകി പട്ടം കെട്ടാൻ പുലർച്ചെ നാലു മണിയോടെ പാപ്പാൻമാരെത്തി. ആനയെ കെട്ടിയിരുന്ന ചങ്ങലയും കയറും തമ്മിൽ പിണഞ്ഞു. കയറഴിക്കാൻ പറ്റാതിരുന്നതോടെ കണ്ണൻ രണ്ടാംപാപ്പാനോടു കത്തി കൊണ്ടുവരാൻ നിർദേശിച്ച് ആനയുടെ അടിയിലിരുന്നു. രണ്ടാം പാപ്പാൻ എത്തുമ്പോൾ ആന കണ്ണനെ തുമ്പിക്കൈ കൊണ്ടു തട്ടി മാറ്റി ചവിട്ടുന്നതാണു കണ്ടത്. പിന്നീടു തുമ്പിക്കൈ കൊണ്ടെടുത്ത് തൊട്ടടുത്ത കരിങ്കൽ കെട്ടിനോടു ചേർത്തു കൊമ്പുകൊണ്ടു കുത്തി. പിന്നീട് കണ്ണന്റെ ദേഹം തുമ്പിക്കൈ കൊണ്ടു വലിച്ചെറിഞ്ഞും കാലു കൊണ്ടു തട്ടിമാറ്റിയും നടന്നു. 

മൃതദേഹം ആനയ്ക്കരികിൽ നിന്നു മാറ്റാനാവാതെ നാട്ടുകാരും മറ്റു പാപ്പാൻമാരും വലഞ്ഞു. ആറു മണിയോടെ മറ്റൊരു ഭാഗത്തു നിന്നു ടോർച്ചടിച്ച് ആനയെ വിളിച്ചു. ആന ആ ഭാഗത്തേക്കു നീങ്ങിയപ്പോൾ മൃതദേഹം മാറ്റി. ഇതോടെ ആന അക്രമാസക്തനായി. പറമ്പിലെ മരങ്ങൾ കുത്തി മറിച്ചിട്ടു. ഇതിനിടെ തടിച്ചുകൂടിയ നാട്ടുകാർക്കു നേരെ ആന കുതിച്ചു. സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളയ്ക്കാൻ ശ്രമിച്ചു. എന്നാൽ സംഘത്തിൽ മയക്കുവെടി വയ്ക്കാൻ പരിശീലനം നേടിയ ആളില്ലായിരുന്നു. 

ഇതിനിടെ തൊട്ടുത്ത വളപ്പിലേക്കു കയറിയ ആന ഓലപ്പുരയും ശൗചാലയവും തകർത്തു. മരങ്ങൾ പുഴക്കിയെടുത്തെറിഞ്ഞതിനെ തുടർന്നു നാസർ എന്നയാളുടെ വീട്ടിലെ കെട്ടിടത്തിനും കേടുപറ്റി. എട്ടു മണിയോടെ തൃശൂർ വെറ്ററിനറി സെന്ററിൽ നിന്നു സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധൻ ഡോ.രാജീവ് ആദ്യ വെടിവച്ചെങ്കിലും അര മണിക്കൂറോളം ആന വീണ്ടും അക്രമം കാണിച്ചു. തുടർന്നു 8.35നു വീണ്ടും മയക്കുവെടി വച്ചതോടെ ശാന്തനായ ആനയെ തളച്ചു. ആലത്തൂർ സിഐ കെ.എ. എലിസബത്ത്, എസ്ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. മയക്കുവെടി വിദഗ്ധൻ ഡോ.പൊന്നുമണിയും എത്തിയിരുന്നു. 

20 വർഷമായി ആന പരിപാലന രംഗത്തുള്ളയാളാണു മരിച്ച കണ്ണൻ. അവിവാഹിതനാണ്. പട്ടത്ത് ശ്രീകൃഷ്ണൻ, ചിറയ്ക്കൽ മഹാദേവൻ തുടങ്ങി ഒട്ടേറെ പ്രമുഖ ആനകളുടെ പരിപാലകനായിരുന്നു. 10 വർഷമായി ഒന്നാം പാപ്പാനാണ്. കഴിഞ്ഞ ദേവസംഗമത്തിൽ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ മഹാദേവന്റെ പാപ്പാനായിരുന്നു. അമ്മ: പരേതയായ ശാന്ത. സഹോദരങ്ങൾ: മണി,ബിന്ദു,ബീന. സംസ്കാരം നടത്തി.