Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാർക്ക് മിനിമം ആശ്വാസം; അന്തിമവിജ്ഞാപനം ഇറക്കാൻ ഹൈക്കോടതിയുടെ അനുമതി.

nurse-2

കൊച്ചി∙ നഴ്സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച അന്തിമവിജ്ഞാപനം ഇറക്കാൻ സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ അനുമതി. മിനിമം വേതന നിയമത്തിന് അനുസൃതമായുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഒത്തുതീർപ്പുസാധ്യത തേടി നഴ്സുമാരുടെയും മാനേജ്മെന്റുകളുടെയും സംഘടനകളുമായി ചർച്ച നടത്താനും സർക്കാരിനു തടസ്സമില്ല. 

മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ട സർക്കാർ നടപടി ചോദ്യം ചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. നിലവിലുള്ളതിന്റെ 150% കൂടുതൽ വേതനം നിശ്ചയിക്കാനാണു സർക്കാർ ശുപാർശ ചെയ്യുന്നതെന്ന് ആരോപിച്ചായിരുന്നു ഹർജി. കരടുശുപാർശയെ തുടർന്നു നാനൂറിലേറെ ആശുപത്രി മാനേജ്മെന്റുകൾ എതിർപ്പ് അറിയിച്ചെങ്കിലും വേണ്ടവിധം പരിഗണിക്കാതെ രണ്ടു ദിവസത്തിനകം ഹിയറിങ് പൂർത്തിയാക്കി തിരക്കിട്ടു നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. 

പ്രശ്നം പരിഹരിക്കാൻ കോടതിയുടെ നിർദേശപ്രകാരം നടത്തിയ മധ്യസ്ഥശ്രമം ഫലം കണ്ടില്ലെന്നു ലേബർ കമ്മിഷണർ അറിയിച്ചു. നഴ്സുമാരുടെയും മാനേജ്മെന്റുകളുടെയും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. കരടു വിജ്ഞാപനത്തിൽ പറയുന്ന മിനിമം വേതനം നടപ്പാക്കണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ പ്രതിനിധികൾ ഉറച്ചുനിന്നു. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ ശക്തമായി എതിർത്തതിനാൽ അഭിപ്രായസമന്വയം സാധിച്ചില്ലെന്നാണു ലേബർ കമ്മിഷണർ കോടതിയെ അറിയിച്ചത്. യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷനും മറ്റും കേസിൽ കക്ഷിചേർന്നിരുന്നു.

ആക്ഷേപമുണ്ടെങ്കിൽ ചോദ്യം ചെയ്യാം 

അന്തിമ വിജ്ഞാപനം സർക്കാർ ഇറങ്ങിയ ശേഷം ആക്ഷേപമുണ്ടെങ്കിൽ ആശുപത്രി മാനേജ്മെന്റുകൾക്കു ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നു ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 31നകം വേതന പരിഷ്കരണ വിജ്ഞാപനം ഇറക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ അന്തിമവിജ്ഞാപനം ഇറക്കുന്നത് കോടതി തടഞ്ഞതോടെ തീരുമാനം വൈകുകയായിരുന്നു.