Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുവായൂർ ക്ഷേത്രപ്രവേശനം: തനിക്കു പ്രത്യേക പരിഗണന വേണ്ടെന്നു യേശുദാസ്

KJ Yesudas

തൃശൂർ ∙ ഗുരുവായൂർ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തിൽ കയറാനാണ് തനിക്ക് ആഗ്രഹമെന്നു ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്.  തൃശൂർ തെക്കേമഠം ഏർപ്പെടുത്തിയ പ്രഥമ ശങ്കരപത്മം പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. 

ഗുരുവായൂർ പ്രവേശനത്തിനു തനിക്കു പ്രത്യേക പരിഗണന വേണ്ട. ക്ഷേത്രം ഭരണാധികാരികളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. തനിക്കു മാത്രമായി പ്രവേശനം അനുവദിക്കണമെന്നല്ല, പൂർണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവർക്കും ക്ഷേത്രദർശനം അനുവദിക്കുന്ന കാലത്തേ താൻ പോകൂ. അവർക്കിടയിലെ അവസാനക്കാരനായിട്ടായിരിക്കും തന്റെ പ്രവേശനം. 

ഗുരുവായൂരിൽ കയറാതെ മറ്റൊരു കൃഷ്ണക്ഷേത്രത്തിലും കയറില്ലെന്ന പ്രതിജ്ഞ പാലിക്കുന്നുണ്ട്. ഒരിക്കൽ യാത്രാമധ്യേ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിൽ കയറിയപ്പോൾ, തന്റെ മനസറിഞ്ഞു ശ്രീരാമവേഷത്തിലാണ് ശ്രീകൃഷ്ണൻ അണിഞ്ഞൊരുങ്ങിയിരുന്നത്. വേദങ്ങൾ എല്ലാവരും പഠിച്ചാൽ ലോകസമാധാനം തനിയെ ഉണ്ടാകും. വേദങ്ങളെ മതത്തിന്റെ ചട്ടക്കൂടിൽ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞു. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി യേശുദാസിനു പുരസ്‌കാരം സമ്മാനിച്ചു. 

ഭാര്യ പ്രഭ ഒപ്പമുണ്ടായിരുന്നു. മാടമ്പ് കുഞ്ഞുക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. ശങ്കരജയന്തി ആഘോഷം യേശുദാസ് ഉദ്ഘാടനം ചെയ്തു. 

വടക്കുമ്പാട്ട് നാരായണൻ, കൗൺസിലർ എം.എസ്.സമ്പൂർണ, ടി.കെ.ദേവനാരായണൻ, പി.സി.മുരളീമാധവൻ, എം.മാധവൻകുട്ടി, ഒറവങ്കര ദാമോദരൻ നമ്പൂതിരി, പി.പരമേശ്വരൻ, ജയരാജ് വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.