Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൽറാമിനെ വിമർശിച്ച് ശബരീനാഥനും റോജിയും

Youth-MLAs

തിരുവനന്തപുരം∙ കരുണ, കണ്ണൂർ മെഡിക്കൽ കോളജ് ബിൽ വിഷയത്തിൽ വി.ടി. ബൽറാം എംഎൽഎയുടെ നിലപാടിനോടു കോൺഗ്രസിലെ ചില യുവ എംഎൽഎമാർക്കും അതൃപ്തി. കെ.എസ്. ശബരീനാഥൻ, റോജി എം. ജോൺ എന്നിവരാണു പേരെടുത്തു പറയാതെ ബൽറാമിനെ ഫെയ്സ്ബുക് പോസ്റ്റിലൂടെ വിമർശിച്ചത്.

പാ‍‍ർട്ടിവേദികളിൽ ഒരിക്കൽ പോലും വിഷയം ഉന്നയിക്കാതെ നിയമസഭയിൽ എതിർപ്പു പ്രകടിപ്പിച്ചതിനെതിരെയാണു വിമർശനം. ഇത്രയും കാലം ഇതിനെതിരെ ശബ്ദമുയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്നു ചാടുന്നതല്ല ഹീറോയിസമെന്നായിരുന്നു ശബരീനാഥന്റെ പരാമർശം.

ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്ന് ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാടു പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല. താൻ തൽക്കാലം കയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.

അഭിപ്രായം പറഞ്ഞാൽ ‘കടക്ക് പുറത്ത്’ എന്നു പറയുകയോ ‘ക്യാപിറ്റൽ പണിഷ്മെന്റ്’ നടപ്പാക്കുകയോ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനുള്ളതെന്നായിരുന്നു റോജിയുടെ പോസ്റ്റ്. അവസരം നോക്കി പൊതുസമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യൻ’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദർശ രാഷ്ട്രീയത്തോട്’ താൽപര്യമില്ലെന്നും റോജി ചൂണ്ടിക്കാട്ടി.