Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മവിശ്വാസമുള്ള ഹിന്ദുസമൂഹം ലക്ഷ്യമെന്നു കെ.പി. ശശികല

കൊച്ചി ∙ ആത്മവിശ്വാസമുള്ള ഹിന്ദു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരികയാണു ലക്ഷ്യമെന്നും അതിനായി ഹിന്ദു പ്രയത്‌നിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഹിന്ദു പെൺകുട്ടികളെ പ്രണയവലയിൽപ്പെടുത്താൻ ആസൂത്രിത പ്രവർത്തനങ്ങളുണ്ട്. മലബാർ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ഒരുവിഭാഗം മുറവിളി കൂട്ടുന്നു. ഭരണസംവിധാനം കാര്യക്ഷമമാക്കാൻ വേണ്ടിയാണെന്നു പുറമേ പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ വലിയ ലക്ഷ്യങ്ങളാണുള്ളതെന്നും അവർ പറഞ്ഞു.

ഗുരുവായൂരിൽ ആയിരം രൂപ വാങ്ങി വിഐപി ദർശനത്തിനുള്ള സൗകര്യമൊരുക്കുന്നതു പണം തട്ടുന്നതിനു വേണ്ടിയാണ്. അഴിമതിയുടെയും തമ്മിലടികളുടെയും പേരിൽ ക്ഷേത്രങ്ങൾ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇതരസമുദായങ്ങളിലെ അഴിമതികൾ കാണാത്തതെന്നു ശശികല ചോദിച്ചു.

ഹിന്ദുമതത്തിൽ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്നു പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത ആർഎസ്എസ് മുൻ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആർ. ഹരി പറഞ്ഞു. ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലുമെല്ലാം സ്ത്രീക്ക് പുരുഷനൊപ്പം സ്ഥാനമില്ല. ശാസ്ത്രം മുന്നോട്ടുപോയപ്പോൾ മാത്രമാണു ക്രൈസ്തവ രാഷ്ട്രങ്ങളിൽ പലയിടത്തും സ്ത്രീക്കു പുരുഷനൊപ്പം സ്ഥാനം ലഭിച്ചത്. ഇസ്‌ലാം രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകൾക്കും പോകാനാകും. എല്ലാ മതങ്ങളെയും തുല്യമായി ആദരിക്കാനാണ് ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. രാധാകൃഷ്ണൻ, കെ.എൻ. രവീന്ദ്രനാഥ്, ആർ.വി. ബാബു, കിളിമാനൂർ സുരേഷ്, രമേശ് കൂട്ടാല, എൻ. അനിൽകുമാർ, കെ.പി. സുരേഷ്, കെ.ആർ. രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

related stories