Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ബിൽ: ഫെയ്സ് ബുക്കിൽ കൊമ്പുകോർത്ത് ബെന്നിയും പന്തളവും

sudhakaran-benny

തിരുവനന്തപുരം∙ വിവാദ മെഡിക്കൽ ബില്ലിനു നിയമസഭയിൽ പ്രതിപക്ഷം നൽകിയ പിന്തുണയുടെ പേരിൽ എ ഗ്രൂപ്പിലെ ബെന്നി ബഹനാനും ഐയിലെ പന്തളം സുധാകരനും ഫെയ്സ്ബുക്കിൽ ഏറ്റുമുട്ടി. കോടികളുടെ അഴിമതിയാണു നടന്നതെന്നു ബെന്നി ബഹനാൻ. ചിലരുടെ ആദർശം മലർന്നു കിടന്നു തുപ്പുന്നതുപോലെയാണെന്നു പന്തളത്തിന്റെ നിരീക്ഷണം. അതിനിടെ, ബില്ലിനെ പ്രതിപക്ഷം പിൻതുണച്ചതിലെ പാപഭാരം എംഎൽഎമാർ ചുമക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി കെ.മുരളീധരൻ എംഎൽഎയും രംഗത്തെത്തി.

ബെന്നി ബഹനാൻ:
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പിണറായി സർക്കാർ പാസാക്കിയ ബിൽ ഗവർണർ തള്ളിയ സാഹചര്യത്തിൽ ഇതിനു പിന്നിലെ സാമ്പത്തിക അഴിമതിയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണം. ഇരു കോളജുകളിലും പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യാർഥികളും നീറ്റ് മെഡിക്കൽ പരീക്ഷയിൽ മൂന്നിനും നാലിനും ലക്ഷത്തിനിടയിൽ റാങ്ക് ലഭിച്ചവരാണെന്ന ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. ഇവർക്കു പ്രവേശനം നൽകിയ മാനേജ്മെന്റ് നടപടി സാധൂകരിക്കാൻ സർക്കാർ ബിൽ അവതരിപ്പിച്ചതു ന്യായീകരിക്കാനാവില്ല. ബന്ധപ്പെട്ടവരുടെ അഭിപ്രായം തള്ളി നിയമസെക്രട്ടറിയുടെ അനുകൂല അഭിപ്രായം വാങ്ങി ബിൽ പാസാക്കാനുള്ള തീരുമാനം മന്ത്രിസഭയിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി മുൻകൈ എടുത്തതിനു പിന്നിൽ വൻ അഴിമതിയുണ്ട്. തലവരിപ്പണം വാങ്ങിയെന്നു കണ്ടെത്തിയ കോളജുകൾ‍ക്കെതിരെ ക്രിമിനൽ കേസെടുക്കണം.

പന്തളം സുധാകരൻ:
ബില്ലിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന ബെന്നി ബഹനാന്റെ വെളിപ്പെടുത്തൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതു കൂടിയാണ്. യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടു തള്ളിപ്പറയാൻ ചിലർ നടത്തുന്ന ആദർശത്തള്ളൽ മലർന്നു കിടന്നു തുപ്പുന്നതു പോലെയാണ്. ഉമ്മൻചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്. അതു ദുർവ്യാഖ്യാനം ചെയ്യരുത്. എംഎൽഎമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. പരസ്പരം ചർച്ച നടത്തണമായിരുന്നു. സ്വാശ്രയകൊള്ളക്കാർ എന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും (എ.കെ.ആന്റണി ഒഴികെ) മിത്രങ്ങളുമായിരുന്നല്ലോ. അതുകൊണ്ടാണല്ലോ ഗവർണർ തള്ളിയ ബില്ലിനു വേണ്ടി ഡിവൈഎഫ്ഐക്കാർ ചാനലിൽ ഇരുന്നു വാദിക്കുന്നത്.

കെ.മുരളീധരൻ:
ബില്ലിനെ പിൻതുണച്ചതു സംബന്ധിച്ച വിവാദം അനാവശ്യമാണ്. ബില്ലിനെ പിൻതുണയ്ക്കാമെന്നു കൂട്ടായി എടുത്ത തീരുമാനമാണ്. പാർലമെന്ററി പാർട്ടി യോഗത്തിലും ആരും എതിരഭിപ്രായം പറഞ്ഞില്ല. അതിനെ ഇപ്പോൾ തള്ളിപ്പറയുന്നതു ശരിയല്ല. അതിനാൽ ആ പാപഭാരം ഇനി എംഎൽഎമാർ ചുമക്കേണ്ടതില്ല. എല്ലാ നിലപാടുകളും രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കട്ടെ.