Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു

Mary-Murder മേരി, മാത്യു ദേവസ്യ

കോട്ടയം ∙ ഉറങ്ങിക്കിടന്ന വീട്ടമ്മയെ വാക്കത്തി ഉപയോഗിച്ച് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അൻപതിലേറെ വെട്ടുകളേറ്റ പേരൂർ, പൂവത്തുംമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി, രാജമുടി, ഓലിക്കൽ വീട്ടിൽ മേരി (67) ആശുപത്രിയിൽ എത്തിക്കുംമുൻപേ മരിച്ചു. 

മേരിക്കൊപ്പം ഉറങ്ങിക്കിടന്ന ചെറുമകൻ റിച്ചഡിന് (എട്ട്) തലയിൽ വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ– 70) അറസ്റ്റിലായി. 

ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. മാത്യു ദേവസ്യയുടെ സംശയരോഗംമൂലം ഭാര്യ മേരിയുമായി കലഹം പതിവായിരുന്നെന്നു പൊലീസ് പറ‍ഞ്ഞു. 

മാത്യുവും മേരിയും റിച്ചഡും ഒരേ മുറിയിലെ രണ്ടു കട്ടിലുകളിലായാണു കിടന്നിരുന്നത്. പുലർച്ചെ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ അടുക്കളയിൽ നിന്നു വാക്കത്തി എടുത്ത് കിടപ്പുമുറിയിൽ ചെറുമകനൊപ്പം ഉറങ്ങുകയായിരുന്ന മേരിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.  

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് ആണു വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം മേരിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

ഏറെക്കാലമായി കുടുംബത്തിൽ കലഹം നിലനിന്നിരുന്നതായി മക്കൾ പറയുന്നു.

മൂന്നാമത്തെ മകൾ ജോയ്സ് കോട്ടയത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് രണ്ടു മാസം മുൻപ് പൂവത്തുംമൂട്ടിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. 

ജോയ്സിന്റെ ഭർത്താവാണു സജി. വിദേശത്തു ജോലി ചെയ്യുന്ന സജി രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്. 

ഉടൻ തിരിച്ചുപോകുന്നതിനാൽ മക്കളെ നോക്കുന്നതിനും കൂട്ടിനും വേണ്ടിയാണ് ജോയ്സ് മാതാപിതാക്കളെ ഇവിടേക്ക് കൊണ്ടുവന്നത്. ജോയ്സും ഭർത്താവ് സജിയും ഇവരുടെ ഇളയ മകൻ എഡ്വിനും ഒരു മുറിയിലും മേരിയും ചെറുമകൻ റിച്ചഡും മറ്റൊരു മുറിയിലുമാണ് ഇന്നലെ ഉറങ്ങിയത്. 

തലയ്ക്കു വെട്ടേറ്റ റിച്ചഡിന്റെ തലയോട്ടിക്ക് നേരിയ പൊട്ടലുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല. തലയ്ക്ക് ആറു തുന്നലുണ്ട്. 

മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലാണു കുട്ടിയിപ്പോൾ. മേരിയുടെ സംസ്കാരം നടത്തി. മറ്റു മക്കൾ: ജസ്റ്റിൻ, ജിഷ, ജോയൽ.

30 വർഷമായി രാജമുടിയിൽ താമസമാക്കിയിരുന്ന മാത്യു ഇടയ്ക്കിടെ കുടുംബവുമായി വഴക്കിട്ട് മാസങ്ങളോളം മാറിത്താമസിച്ചിട്ടുണ്ട്. 

കോട്ടയം ഡിവൈഎസ്പി സഖറിയ മാത്യു, ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ. തോമസ്, എസ്ഐ കെ.ആർ. പ്രശാന്ത്, എഎസ്ഐ ജയകുമാർ, സിപിഒമാരായ സാജുലാൽ, പ്രമോദ്, ജേക്കബ്, സജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. 

ആലപ്പുഴയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

Mathew കൊലപാതകം നടന്ന പേരൂർ പൂവത്തുംമൂട്ടിലെ വീട്ടിൽ തെളിവെടുപ്പിനായി പ്രതി മാത്യു ദേവസ്യയെ എത്തിച്ചപ്പോൾ.

പകയുടെ പര്യായമായി 54 വെട്ട്; കൂസലില്ലാതെ പ്രതി

കോട്ടയം ∙ മനസ്സിൽ സൂക്ഷിച്ചിരുന്ന പകയും വിദ്വേഷവും മുഴുവൻ 54 വെട്ടുകളിലൂടെ മാത്യു ദേവസ്യ ഭാര്യയോടു തീർത്തു. അതിക്രൂരമായ കൊലപാതകം ചെയ്തിട്ടും കുറ്റബോധത്തിന്റെ ചെറുവികാരം പോലും മാത്യുവിന്റെ മുഖത്തുണ്ടായിരുന്നില്ല.

പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് ആഴത്തിലുള്ള 34 വെട്ടുകളും 20 ചെറുമുറിവുകളും 67 വയസ്സുള്ള ആ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. ശരീരഭാഗങ്ങൾ വെട്ടേറ്റുപിളർന്ന നിലയിലായിരുന്നു. 

മേരിയെ ഭാർത്താവ് മാത്യു ദേവസ്യ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വിധം കണ്ടു ദേഹപരിശോധന നടത്തിയ പൊലീസുകാർ പോലും അമ്പരന്നു. 

സംശയ രോഗിയായ മാത്യുവും ഭാര്യയുമായി വഴക്കു പതിവായിരുന്നെന്നു മക്കൾ മൊഴിനല്‍കി. മൂന്നാമത്തെ മകൾ ജോയ്സിന്റെ ജോലി ആവശ്യങ്ങൾക്കായി കോട്ടയത്തെത്തിയ മാത്യു നാട്ടിലേക്കു മടങ്ങണമെന്നു നിരന്തരം ആവശ്യപ്പെട്ടു വഴക്കിടുമായിരുന്നു. 

ഒരു പ്രകോപനവുമില്ലാതെയാണ് ഇന്നലെ മേരിക്കു നേരെ ആക്രമണം നടത്തിയതെന്നു പൊലീസ് പറയുന്നു. 

മേരിയുടെ കഴുത്തിനു വെട്ടുകയായിരുന്നു. മേരിയുടെയും റിച്ചാർഡിന്റെയും അലമുറ കേട്ടിട്ടും മാത്യുവിന്റെ മനസ്സ് അലിഞ്ഞില്ല. വീണ്ടും ‌മേരിയെ തുടരെ വെട്ടി. കട്ടിലിൽ നിന്നു നിലത്തുവീണിട്ടും വെട്ടു തുടർന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് അറിയിച്ചതനുസരിച്ചു പൊലീസ് എത്തുമ്പോൾ മേരിയുടെ ശരീരഭാഗങ്ങൾ വെട്ടേറ്റു ചിതറിയ നിലയിലായിരുന്നു. 

പൊലീസ് ചോദ്യം ചെയ്തപ്പോഴും തെളിവെടുപ്പിനു കൊലപാതകം നടത്തിയ വീട്ടിൽ എത്തിച്ചപ്പോഴും പ്രതി അക്ഷോഭ്യനായിരുന്നു. 

തെളിവെടുപ്പിനിടയിലും പൊലീസിന്റെ സാന്നിധ്യത്തിൽ പോലും ഇയാൾ ഭാര്യയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. 

രണ്ടു മാസം മുൻപാണു മേരിയും മാത്യുവും ഇവിടെ താമസത്തിന് എത്തിയത്. അയൽവീടുകളുമായി അടുപ്പം ഉണ്ടായിരുന്നില്ല.

related stories