Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയിൽ സേ‍ാഷ്യൽ ഒ‍ാഡിറ്റ് 49 പദ്ധതികളിൽ

പാലക്കാട് ∙ ഹൈക്കേ‍ാടതി നിർദേശമനുസരിച്ച് അട്ടപ്പാടിയിൽ സേ‍ാഷ്യൽ ഒ‍ാഡിറ്റ് നടത്തുക പ്രധാനമായും 49 പദ്ധതികളുടെ നടത്തിപ്പിനെപ്പറ്റി.

പദ്ധതികളെക്കുറിച്ചു ഹൈക്കേ‍ാടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്ന പദ്ധതികളാണിവ. കൂടാതെ തദ്ദേശ സ്വയംഭരണം, വനം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെയും കേന്ദ്ര സർക്കാർ ഏജൻസികളുടെയും പദ്ധതികളും മേഖലയിലുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതേ‍ാറിറ്റിയുടെ മേൽനേ‍ാട്ടത്തിൽ സേ‍ാഷ്യൽ ഒ‍ാഡിറ്റ് നടപടിക്കു വിപുലമായ സംവിധാനം വേണ്ടിവരും. സർക്കാർ സത്യവാങ്മൂലമനുസരിച്ചു വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ഇതുവരെ 518 ആദിവാസി കുടുംബങ്ങൾക്കു 484 ഏക്കർ സ്ഥലം നൽകിയിട്ടുണ്ട്.

മേഖലയിൽ അനുവദിച്ച 3423 വീടുകളിൽ 1220 എണ്ണം പൂർത്തിയായി. ഷേ‍ാളയൂരിലെ വടക്കേ കടമ്പാറ ഊരിൽ ഒരു കേ‍ാടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യവികസനം, മൂന്നു പഞ്ചായത്തുകളിൽ നിന്നു തിരഞ്ഞെടുത്ത ഒൻപതു പഞ്ചായത്തുകളിൽ അംബേദ്കർ ഊരു വികസന പദ്ധതി, എസ്എസ്എൽസി വരെയുള്ള കുട്ടികളുടെ പഠനത്തിനു 2016–17ൽ മാത്രം 1,12 കേ‍ാടി രൂപ, പെൺകുട്ടികൾക്കുമാത്രം വിദ്യാഭ്യാസ പദ്ധതി, പ്രൈമറി ക്ലാസുകളിൽ ആദിവാസി ഗോത്രഭാഷയിൽ വിദ്യാഭ്യാസം നൽകാൻ ഗേ‍ാത്രബന്ധു പദ്ധതി, ശിശു–ആരേ‍ാഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് 17 പദ്ധതികൾ, ധാന്യങ്ങൾ കൃഷിചെയ്യാൻ 11,000 കുടുംബങ്ങൾക്കായി 1.80 കേ‍ാടിയുടെ പദ്ധതി, 6.87 കേ‍ാടി രൂപയുടെ ധാന്യഗ്രാമം പദ്ധതി, സമൂഹ അടുക്കളകൾക്ക് 2016–17 വർഷം മാത്രം 6.50 കേ‍ാടി രൂപ തുടങ്ങിവയും സത്യവാങ് മൂലത്തിൽ പറയുന്നവയാണ്.

‌മധുവിന്റെ കെ‍ാലപാതകവുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെ.സുരേന്ദ്രമേ‍ാഹൻ ഏഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണു ഹൈക്കേ‍ാടതി ഒ‍ാഡിറ്റിന് ഉത്തരവായത്. 

സേ‍ാഷ്യൽ ഒ‍ാഡിറ്റ് ‌എന്നാൽ

സർക്കാർ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു സ്വതന്ത്രമായി വിലയിരുത്തുന്ന സംവിധാനമാണു സേ‍ാഷ്യൽ ഒ‍ാഡിറ്റ് (സാമൂഹിക കണക്കെടുപ്പ്). പദ്ധതികളുടെ ഗുണഭേ‍ാക്താക്കൾ ഉൾപ്പെടുന്ന, പ്രത്യേക പരിശീലനം ലഭിച്ച സംഘമാണു കണക്കെടുപ്പ് നടത്തുക. ഔദ്യേ‍ാഗിക പ്രതിനിധികൾ സംഘത്തിലുണ്ടാവില്ല. നടത്തിപ്പിന്റെ ഗുണനിലവാരം, കൃത്യത, ഗുണഭേ‍ാക്താവിനുള്ള നേട്ടം എന്നിവ ശാസ്ത്രീയമായി പരിശേ‍ാധിക്കും. കണ്ടെത്തുന്ന കാര്യങ്ങൾ ഗ്രാമസഭയിൽ ഉൾപ്പെടെ പെ‍ാതുചർച്ചയ്ക്ക് വിധേയമാക്കണം. കേരളത്തിൽ കഴിഞ്ഞമാസം ഡേ‍ാ. എബി ജേ‍ാർജ് ഡയറക്ടറായി സ്വതന്ത്ര സേ‍ാഷ്യൽ ഒ‍ാഡിറ്റ് സെൽ നിലവിൽ വന്നു.  

related stories