Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; മർദനത്തെ തുടർന്നെന്ന് ആരോപണം

Sreejith-custody-death ശ്രീജിത്ത്

വരാപ്പുഴ ∙ വീടു കയറി ആക്രമിച്ചതിനെത്തുടർന്നു ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. പൊലീസ് മർദനത്തെത്തുടർന്നാണു മരിച്ചതെന്നാണ് ആരോപണം. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാകാം മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. പ്രാഥമികാന്വേഷണം നടത്താൻ എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയ്ക്കു ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 

വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ശ്രീജിത്ത് (27) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു മരണം. മൽസ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ (55) മരിച്ചതുമായി ബന്ധപ്പെട്ടാണു ശ്രീജിത്ത് ഉൾപ്പെടെ 10 പേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ: അഖില, അമ്മ: ശ്യാമള. സംസ്കാരം പിന്നീട്.

പറവൂരിൽ ഇന്ന് ബിജെപി ഹർത്താൽ 

വരാപ്പുഴ ∙ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നു ബിജെപി ഇന്നു പറവൂർ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. 

സമഗ്ര അന്വേഷണം വേണം: വി.ഡി. സതീശൻ

വരാപ്പുഴ ∙ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു വി.ഡി. സതീശൻ എംഎൽഎ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ടു തുടക്കം മുതലുണ്ടായ അക്രമസംഭവങ്ങൾ, വാസുദേവന്റെ ആത്മഹത്യ, ശ്രീജിത്തിന്റെ മരണം എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണം. കോൺഗ്രസ് ഇന്നു രാവിലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു.