Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.ടി. ബൽറാമിനു നേരെ സിപിഎം കരിങ്കൊടി; കാറിന്റെ കണ്ണാടി തകർന്നു

VT-Balram-car വി.ടി. ബൽറാം എംഎൽഎയുടെ കാറിന്റെ കണ്ണാടി പൊട്ടിയ നിലയിൽ

കുമരനല്ലൂർ (പാലക്കാട്) ∙ വി.ടി. ബൽറാം എംഎൽഎയെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാറിന്റെ കണ്ണാടി തകർന്നു. എന്നാൽ, പ്രതിഷേധക്കാരെ തടയുന്നതിനിടെ  കാർ തന്റെ കയ്യിൽ തട്ടിയെന്ന പൊലീസുകാരന്റെ പരാതിയെത്തുടർന്ന് എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുത്തു. പരുക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണെന്നും ഇദ്ദേഹത്തെ വാഹനം തട്ടിയപ്പോഴാണ് കണ്ണാടി തകർന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ, സിപിഎം പ്രവർത്തകർ കരുതിക്കൂട്ടി  ആക്രമിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. 

തൃത്താല കൂടല്ലൂരിനു സമീപം കൂട്ടക്കടവിൽ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധനവിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. കൂടല്ലൂർ എജെബി സ്കൂളിന് ഏതാനും മീറ്റർ അകലെ എംഎൽഎയുടെ വാഹനം എത്തിയപ്പോൾ  റോഡിന്റെ ഇടതു വശത്ത് നിന്ന സിപിഎം പ്രവർത്തകർ കരിങ്കൊടിയുമായി  മുന്നോട്ടു കുതിച്ചു.

റോഡിന്റെ പകുതിയിൽ പ്രതിഷേധക്കാർക്ക് മുന്നിൽ തടസ്സം തീർത്തു നിരന്ന പൊലീസ് ഇവരെ തടഞ്ഞു. അകമ്പടിയായി വന്ന പൊലീസ് വാഹനത്തിന് പുറകിലെത്തിയ എംഎൽഎയുടെ കാർ ഇവരെ കടന്ന് മുന്നോട്ടു നീങ്ങിയ ഉടനെ ഇടതുവശത്തെ കണ്ണാടി പൊട്ടി റോഡിൽ വീഴുകയായിരുന്നു. സ്ഥലത്തെത്തിയ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ കുറ്റിപ്പുറം– തൃത്താല റോഡ് ഉപരോധിക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തശേഷമാണ് ബൽറാം മടങ്ങിയത്. 

എകെജിക്ക് എതിരായ വിവാദ പരാമർശത്തെത്തുടർന്നു ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎം കരിങ്കൊടി പ്രതിഷേധം തുടർന്നു വരികയാണ്. അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണ്  പൊലീസ് സ്വീകരിച്ചതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ മാറി നിന്ന് അവർക്ക് അഴിഞ്ഞാടാനുള്ള അവസരം നൽകിയെന്നും ബൽറാം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസവും സിപിഎം പ്രവർത്തകർ തന്റെ വാഹനം അക്രമിച്ചതായും ഇന്നലെ പൊലീസുകാരനെ വാഹനത്തിനു മുന്നിലേക്കു തള്ളിയിടുകയായിരുന്നുവെന്നും പിന്നീട്  ബൽറാം സമൂഹമാധ്യമത്തിലൂടെ ആരോപണമുന്നയിച്ചു. എംഎൽഎയുടെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.