Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നു

Pariyaram-medical-college

തിരുവനന്തപുരം∙ പരിയാരം സഹകരണ മെഡിക്കൽ കോളജും സഹകരണ ആശുപത്രി സമുച്ചയവും ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം. കരടു ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി. 1938 ജീവനക്കാരാണു കോളജിലും അനുബന്ധ സ്ഥാപനങ്ങളിലുമായുള്ളത്. 100 എംബിബിഎസ് സീറ്റും 37 പിജി സീറ്റും പരിയാരത്തുണ്ട്. സർക്കാർ ഏറ്റെടുക്കുന്നതോടെ ഈ മെഡിക്കൽ സീറ്റുകളിൽ സർക്കാർ ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാം.

ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ കോളജും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാൽ ഏറ്റെടുക്കണമെന്നു കോളജ് നടത്തുന്ന സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1997ൽ അന്നത്തെ എൽഡിഎഫ് സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്തെങ്കിലും പിന്നീടു വന്ന യുഡിഎഫ് സർക്കാർ നിയന്ത്രണം സൊസൈറ്റിക്കു തിരിച്ചു നൽകി.

കഴിഞ്ഞ യുഡിഎഫ് സർക്കാർ കോളജും ആശുപത്രിയും ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ആസ്തിബാധ്യതകൾ കണക്കാക്കാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അധിക ജീവനക്കാരും ഹഡ്‌കോയിൽനിന്നുള്ള വായ്പാ തിരിച്ചടവും കോളജ് ഏറ്റെടുക്കുന്നതിനു തടസ്സമായി. 2016ൽ ഇടതുസർക്കാർ വന്നതോടെയാണു കോളജ് ഏറ്റെടുക്കൽ സജീവമായത്. 

266.47 കോടി രൂപയാണു ഹഡ്‌കോയ്ക്കു തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്നത്. ഹഡ്‌കോ വായ്പ വാങ്ങി കേരളത്തിൽ നടപ്പാക്കുന്ന മറ്റു പദ്ധതികളെയും ഇതു ബാധിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തെത്തുടർന്നു ഹഡ്‌കോയുടെ ബാധ്യത പൂർണമായി സർക്കാർ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. കുടിശികയിൽ ആദ്യഗഡുവായി 50 കോടി നൽകാനും ബാക്കി തവണകളായി തിരിച്ചടയ്ക്കാനുമാണു ധാരണ. ‍2019ൽ തിരിച്ചടവു പൂർത്തിയാകും.1000 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം അവിടെയുണ്ട്. രാജ്യത്തു സഹകരണമേഖലയിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് ആണു പരിയാരം.

മികച്ച ചികിൽസ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി

വടക്കൻ കേരളത്തിലെ ജനങ്ങൾക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സർക്കാർ തലത്തിലേക്കു മെഡിക്കൽ കോളജ് കൊണ്ടുവരുന്നതിനുമായാണ് ഏറ്റെടുക്കുന്നതെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ സ്‌പെഷ്യൽറ്റി മെഡിക്കൽ സ്ഥാപനങ്ങളിൽ ഒന്നാണു പരിയാരം മെഡിക്കൽ കോളജും ആശുപത്രിയും. മെഡിക്കൽ കോളജ്, ആശുപത്രി, ഡെന്റൽ കോളജ്, ഫാർമസി കോളജ്, കോളജ് ഓഫ് നഴ്‌സിങ്, സ്‌കൂൾ ഓഫ് നഴ്‌സിങ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽ സയൻസസ്, ഹൃദയാലയ, മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളാണു പരിയാരം ക്യാംപസിലുള്ളത്. 20 സ്‌പെഷ്യൽറ്റി വിഭാഗങ്ങളും എട്ടു സൂപ്പർ സ്‌പെഷ്യൽറ്റി വിഭാഗങ്ങളുമുണ്ട്. പ്രതിദിനം ഏതാണ്ട് 1200 പേർ ഒപിയിലും 120 പേർ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടിയെത്തുന്നു. 400 മുതൽ 500 വരെ രോഗികളെയാണു ദിവസവും പ്രവേശിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.