Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

തിരുവനന്തപുരം ∙ ഡോക്ടർമാരെ നിയമിക്കാതെ കുടുംബാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ആരംഭിച്ച അനിശ്ചിതകാല സമരം മൂലം രോഗികൾ വലഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടിനാണ് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഒപി ബഹിഷ്കരണ സമരം പ്രഖ്യാപിച്ചത്. ഇക്കാര്യമറിയാതെ ഇന്നലെ രാവിലെ ആശുപത്രികളിലെത്തിയ ആയിരക്കണക്കിനു രോഗികളാണു ചികിൽസ കിട്ടാതെയും തിരക്കുമൂലവും വലഞ്ഞത്.

ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗത്തിൽ ഡോക്ടർമാരില്ലെന്നറിഞ്ഞു പല സ്ഥലത്തും രോഗികൾ പ്രതിഷേധിച്ചു. ദേശീയ ആരോഗ്യദൗത്യം വഴി നിയമിതരായ ഡോക്ടർമാരെയും പിജി വിദ്യാർഥികളെയും പകരം നിയോഗിച്ചെങ്കിലും കാര്യമായ പരിശോധന നടന്നില്ല. ഒപി ബഹിഷ്കരിച്ചെങ്കിലും കാഷ്വൽറ്റി, വാർഡ് ജോലികളിൽ ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്. കിടത്തിച്ചികിൽസയിലുള്ളവർക്കും അടിയന്തര ചികിൽസ തേടിയവർക്കും അതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.

രോഗികളുടെ ജീവൻ പന്താടുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. ചികിൽസയും രോഗീപരിചരണവും അവശ്യ സർവീസായതിനാൽ ഡോക്ടർമാർ ജോലിയിൽ നിന്നു മാറി നിൽക്കുന്നതു നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ സർക്കുലർ പുറപ്പെടുവിച്ചു. മുൻകൂട്ടി അവധി അനുവദിക്കപ്പെടാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് അനധികൃത അവധിയായി കണക്കാക്കും. ഈ ദിവസങ്ങൾ ബ്രേക്ക് ഇൻ സർവീസ് ആയി കണക്കാക്കണമെന്ന് ആരോഗ്യ ഡയറക്ടർ ഡോ.ആർ.എൽ.സരിതയ്ക്കു നിർദേശം നൽകി.