Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി മാർക്കിൽ ഉദാര സമീപനം ഉണ്ടാവില്ല

തിരുവനന്തപുരം∙ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങൾ ലളിതമായിരുന്നതിനാൽ ഇത്തവണ എസ്എസ്എൽസിക്കു മാർക്കിടുമ്പോൾ ഉദാര സമീപനം ഉണ്ടാവില്ല. എല്ലാ വിഷയങ്ങൾക്കും മുൻ വർഷങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. 25% അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചോയ്സ് നൽകുകയും ചെയ്തിരുന്നു. അതിനാൽ വിദ്യാർഥികൾക്ക് അനായാസം ഉത്തരമെഴുതാൻ സാധിച്ചുവെന്നാണു വിലയിരുത്തൽ.

എല്ലാ വിഷയങ്ങൾക്കും നിശ്ചിത പോയിന്റുകൾക്കനുസരിച്ചു മാത്രം മാർക്ക് നൽകിയാൽ മതിയെന്നാണു മൂല്യനിർണയം നടത്തുന്നവർക്കു കൊടുത്തിരിക്കുന്ന നിർദേശം. ഇതനുസരിച്ച് എല്ലാ വിഷയങ്ങളുടെയും ക്യാംപുകളിൽ കുറെ വിദ്യാർഥികളെങ്കിലും എഴുത്തുപരീക്ഷയിൽ തോൽക്കുന്നുണ്ട്. തുടർ മൂല്യനിർണയത്തിന്റെ മാർക്കുകൂടി ചേർക്കുമ്പോഴേ ഇവർ പരീക്ഷയിൽ കടന്നുകൂടുമോയെന്നു വ്യക്തമാവൂ. ഉദാരമായി മാർക്ക് ഇടണമെന്നു പരീക്ഷാ ബോർഡ് ചെയർമാൻമാരുടെ യോഗത്തിലോ സ്കീം ഫൈനലൈസേഷനിലോ മൂല്യനിർണയ ക്യാംപുകളിലോ നിർദേശം നൽകിയിട്ടില്ലെന്നു പരീക്ഷാ കമ്മിഷണറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി.മോഹൻകുമാർ അറിയിച്ചു. ഇക്കാര്യം മൂല്യനിർണയം നടത്തുന്ന ഏതെങ്കിലും അധ്യാപകരോടു ചോദിച്ചാൽ മനസ്സിലാകും.

നാലു ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട സ്ഥാനത്ത് 5 ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. മിടുക്കരായ വിദ്യാർഥികൾ അഞ്ചിനും ഉത്തരമെഴുതിയാൽ അതിൽ ഏറ്റവും മികച്ച നാല് ഉത്തരങ്ങളുടെ മാർക്ക് കണക്കാക്കാനാണു നിർദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നതു പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ്. എസ്എസ്എൽസിക്കു മാർക്ക് ദാനം നടത്തി എല്ലാവരെയും ജയിപ്പിക്കാൻ നീക്കമെന്നു ചിലർ കുപ്രചാരണം നടത്തുകയാണെന്നും മോഹൻകുമാർ പറഞ്ഞു.

എസ്എസ്എൽസി മൂല്യനിർണയം ഏതാണ്ടു പകുതി പിന്നിട്ടു. ഇതോടൊപ്പം ടാബുലേഷൻ ജോലികളും നടക്കുന്നുണ്ട്. മൂല്യനിർണയ ക്യാംപുകൾ 23ന് അവസാനിക്കും. ഫലപ്രഖ്യാപനം ഈ മാസം അവസാനമോ അടുത്ത മാസമാദ്യമോ ഉണ്ടാകും.