Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം തുടരുമെന്ന് ഡോക്ടർമാർ; നേരിടുമെന്ന് സർക്കാർ

484856542

തിരുവനന്തപുരം∙ സമരം തുടരുമെന്നു ഡോക്ടർമാരുടെ സംഘടനാ നേതൃത്വവും, ശക്തമായി നേരിടുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും നിലപാടു സ്വീകരിച്ചതോടെ സർക്കാർ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമായി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതി തുടങ്ങുന്നതിനെതിരെയാണു കെജിഎംഒഎയുടെ നേതൃത്വത്തിൽ സമരം മുറുകുന്നത്.

സമരം നടത്തുന്നവർക്കെതിരെ സർക്കാർ അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ സംസ്ഥാനത്ത് സർവീസിലുള്ള സംഘടനാ അംഗങ്ങളായ എല്ലാ ഡോക്ടർമാരും രാജിക്കത്ത് സമർപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ 18 മുതൽ ആശുപത്രികൾ പൂർണമായി ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് അറിയിച്ച് സംഘടനാ നേതൃത്വം ആരോഗ്യമന്ത്രിക്കു കത്ത് നൽകി.

അതേസമയം, ഡോക്ടർമാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു. ഡോക്ടർമാരുടെ സമരം ആർദ്രം പദ്ധതിയെ പിന്നോട്ടടിക്കും. രോഗികളെ പരിഗണിക്കാതെയുള്ള സമരത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സംസ്ഥാന വ്യാപകമായി 4300 ഡോക്ടർമാരാണ് സമരത്തിൽ പങ്കെടുത്തത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ കൂട്ടത്തോടെ ഒപി ചികിൽസ ബഹിഷ്കരിച്ചതിനെത്തുടർന്ന് രോഗികൾ വലഞ്ഞു. പുതിയ രോഗികളെ പ്രവേശിപ്പിക്കാനും തയാറായില്ല. കിടത്തി ചികിൽസ ഘട്ടം ഘട്ടമായി നിർത്തിവയ്ക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

അതേസമയം, സമരം തുടരുന്ന ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ ഏർപ്പെടുത്തി. കൂടുതൽ രോഗികളെത്തിയ ആശുപത്രികളിൽ ഒപി വിഭാഗത്തിനു പുറത്ത് താൽക്കാലിക സംവിധാനം ഏർപ്പെടുത്തി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.

സമരം ആർദ്രം പദ്ധതിക്കോ, വൈകിട്ട് ഒപി തുടങ്ങുന്നതിനോ എതിരല്ലെന്ന് കെജിഎംഒഎ നേതൃത്വം അറിയിച്ചു. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കാതെ ആർദ്രം നടപ്പാക്കാൻ കഴിയില്ല– അവർ പറഞ്ഞു. സമരനടപടികൾ വിപുലമാക്കുന്നത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് സംസ്ഥാനസമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് കെജിഎംഒഎ നേതൃത്വം അറിയിച്ചു. ഡോക്ടർമാരുടെ പണിമുടക്കിൽ പ്രതിഷേധിച്ചു സിപിഐ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാർച്ച് നടത്തി.

ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കണം: കോടിയേരി

തിരുവനന്തപുരം∙ ജനങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തുന്ന സമയം അടിയന്തരമായി അവസാനിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഡോക്ടർമാരുമായി ചർച്ച നടത്തുകയും പരിശീലനം നൽകുകയും ചെയ്തിരുന്നു.

ജനങ്ങൾക്കാകെ പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി ഡോക്ടർമാർ സഹകരിക്കുകയാണു വേണ്ടിയിരുന്നത്. പകരം, പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ചു സമരം ചെയ്യുന്നതിനു നീതീകരണമില്ലെന്നു കോടിയേരി പറഞ്ഞു.