Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 സിഐമാർക്ക് സ്ഥാനക്കയറ്റം ഇല്ല; 19 പുതിയ ഡിവൈഎസ്പിമാർ

cap police

തിരുവനന്തപുരം∙ വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടർന്നു സസ്പെൻഷനിലായ വടക്കൻ പറവൂരിലെ ജി.എസ്.ക്രിസ്പിൻ സാം ഉൾപ്പെടെ സംസ്ഥാന പൊലീസിലെ പത്തു സർക്കിൾ ഇൻസ്പെക്ടർമാരെ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകേണ്ടവരുടെ പട്ടികയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കി. പകരം 19 പേർക്കു സ്ഥാനക്കയറ്റം നൽകി. ഇതുതന്നെ വകുപ്പുതല സ്ഥാനക്കയറ്റ സമിതിയെ മറികടന്നാണ്.

പട്ടികയിൽ ക്രിസ്പിൻ സാമും ഉണ്ടെന്നു കണ്ടതോടെ വിവിധ അന്വേഷണം നേരിടുന്ന മറ്റ് ഒൻപതുപേരെയും അദ്ദേഹത്തിനൊപ്പം മാറ്റിനിർത്തുകയായിരുന്നു. ആരോപണവിധേയർ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഒഴിവുകളുണ്ടായിട്ടും അർഹരായ സിഐമാർക്കു സർക്കാർ സ്ഥാനക്കയറ്റം നൽകാതിരുന്നതു വിമർശനത്തിനു കാരണമായിരുന്നു. ഇതിനെതിരെ ഒരുദ്യോഗസ്ഥൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതിയും നൽകിയിരുന്നു.

ഡിവൈഎസ്പിമാരുടെ 32 ഒഴിവു നിലവിലുണ്ടെന്നും ചില ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടുന്നതിനാൽ അതു തീർപ്പാക്കുന്നതുവരെ മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സർക്കാർ മനപ്പൂർവം തടഞ്ഞെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ വകുപ്പുതല സ്ഥാനക്കയറ്റ സമിതി വിളിച്ച് ആരോപണവിധേയർക്ക് ഉൾപ്പെടെ എല്ലാവർക്കും സ്ഥാനക്കയറ്റം നൽകാൻ സർക്കാർ ആലോചിച്ചു. എന്നാൽ ആഭ്യന്തര വകുപ്പ് എതിർത്തു.

പബ്ളിക് സർവീസ് കമ്മിഷൻ പ്രതിനിധി അടക്കം ഇതിനെ എതിർക്കുമെന്നും ഒടുവിൽ ആർക്കും സ്ഥാനക്കയറ്റം ലഭിക്കില്ലെന്നും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിനു മുന്നറിയിപ്പു നൽകി. ഇതോടെ ഈ സമിതിയെ മറികടന്നു സർക്കാർ ഇവർക്കു നേരിട്ടു സ്ഥാനക്കയറ്റം നൽകി ഉത്തരവിടുകയായിരുന്നു. ഇനി ഏതെങ്കിലും കാലത്തു ഡിപിസി യോഗം ചേരുമ്പോൾ ഈ സ്ഥാനക്കയറ്റം സാധൂകരിക്കും.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ഇത്തരത്തിൽ സ്ഥാനക്കയറ്റം നൽകിയ നാലു സിഐമാരുടെ ഉത്തരവ് പക്ഷേ ഇന്നേവരെ ഡിപിസി യോഗം ചേർന്ന് അംഗീകരിച്ചിട്ടില്ല.

32 ഒഴിവുണ്ടായിരുന്നതിനാൽ വിജിലൻസ്–ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വകുപ്പുതല അന്വേഷണം നേരിടുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്തി സ്ഥാനക്കയറ്റം നൽകാനായിരുന്നു നീക്കം. മിക്ക ഉദ്യോഗസ്ഥരും പ്രാദേശിക സിപിഎം നേതൃത്വത്തെ സ്വാധീനിച്ചാണ് ഇത്തരം സ്ഥാനക്കയറ്റത്തിനു ശ്രമിച്ചത്.

എന്നാൽ വാരാപ്പുഴ കസ്റ്റഡി മരണം ഏറെ വിവാദമാകുകയും അതിൽ ഉൾപ്പെട്ട സിഐ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതോടെ പത്തുപേരെയും ഒഴിവാക്കി.

സി.രാജപ്പൻ, എം.ആർ.മധുബാബു, സി.എം.ദേവദാസൻ, എം.ജി.സാബു, ടി.ജി.വിജയൻ, ജി.എസ്.ക്രിസ്പിൻ സാം, പ്രകാശൻ പി.പടന്നയിൽ, ടി.പി.ശ്രീജിത്ത്, അബ്ദുൽ റഹിമാൻ, എം.ഐ.ഷാജി എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിച്ച അർഹതപ്പെട്ട സിഐയെയും ഒഴിവാക്കി.

സീനിയോറിറ്റി ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരിനു മുൻപുള്ളവരെ മാത്രമാണു ഡിവൈഎസ്പിമാരാക്കിയത്. ഇനിയും 13 ഒഴിവു ബാക്കിയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച ഡിവൈഎസ്പിമാരടക്കം 27 പേരെ മാറ്റി നിയമിച്ചിട്ടുണ്ട്.