Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭയുടെ രണ്ടാം വാർഷികം: പത്രസമ്മേളന പരമ്പര വരുന്നു

Pinarayi Vijayan

തിരുവനന്തപുരം∙ പിണറായി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പത്രസമ്മേളന പരമ്പര വരുന്നു. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തിരികെ കൊണ്ടുവരാനും ആലോചനയുണ്ട്.

വാർഷികത്തോ‌‌ടനുബന്ധിച്ചു പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും മേധാവികളുടെ യോഗം മുഖ്യമന്ത്രി പ്രത്യേകം വിളിച്ചു ചേർക്കും. അടുത്ത മാസമാണ് രണ്ടു യോഗങ്ങളും. മന്ത്രിസഭ എടുക്കുന്ന ജനോപകാരപ്രദമായ തീരുമാനങ്ങൾ ജനങ്ങളെ പത്രസമ്മേളനം നടത്തി അറിയിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇതു മുഖ്യമന്ത്രിയോ എതെങ്കിലും സീനിയർ മന്ത്രിയോ നടത്തണമെന്നാണു നിർദേശം. എന്നാൽ മുഖ്യമന്ത്രിയുടെയും മുഖ്യ ഉപദേഷ്ടാക്കളുടെയും അഭിപ്രായത്തിനനുസരിച്ചു മാത്രമേ അന്തിമ തീരുമാനം ഉണ്ടാവൂ.

ഓഖി ദുരന്തം ഉണ്ടായപ്പോഴാണു പിണറായി വിജയൻ ഏറ്റവും ഒടുവിൽ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പത്രസമ്മേളനം നടത്തിയത്. ഇനി മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ചു പത്രക്കാരെ കാണും. എല്ലാ ബുധനാഴ്ചയും കാബിനറ്റിനുശേഷം പത്രക്കാരെ കാണില്ലെന്നും തീരുമാനങ്ങൾ പത്രക്കുറിപ്പായി കിട്ടുമെന്നുമാണു മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫിസിലെ തന്നെ ചില മുതിർന്ന ഉദ്യോഗസ്ഥരാണ് പത്രസമ്മേളനം പുനരാരംഭിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന അഭിപ്രായക്കാർ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ തന്നെയുണ്ട്. ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം പിണറായിയുടേതായിരിക്കും.

മുഖ്യമന്ത്രി നേരിട്ടു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനങ്ങളുടെ എണ്ണം വർധിപ്പിക്കുക, മുഖ്യമന്ത്രിക്കു പകരം മുതിർന്ന മന്ത്രിമാർ മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുക, ചീഫ് സെക്രട്ടറിയെ നിയോഗിക്കുക തുടങ്ങിയ സാധ്യതകളാണു മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നത്.

related stories