Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ജീവനക്കാരനെതിരെ കള്ളക്കേസ്: എസ്ഐക്കെതിരെ നടപടിക്കു ശുപാർശ

വടക്കാഞ്ചേരി∙ അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ സീനിയർ ഓഡിറ്റർ ചെറുതുരുത്തി നെടുംപുര സ്വദേശി പടിഞ്ഞാക്കര പി.വി.രാജീവിനെതിരെ മാനഭംഗശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കള്ളക്കേസ് എടുത്തെന്ന പരാതിയിൽ ചെറുതുരുത്തി സ്റ്റേഷനിലെ മുൻ എസ്ഐ ബിനു തോമസിനെതിരെ നടപടിക്കു ശുപാർശ.

രാജീവും ബന്ധുവും തമ്മിലുള്ള സ്വത്തുതർക്കത്തെ തുടർന്ന് എസ്ഐ കള്ളക്കേസ് ചുമത്തി കുടുക്കാൻ ശ്രമിച്ചെന്നാണു പരാതി അന്വേഷിച്ച റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ കണ്ടെത്തൽ.

രാജീവിന്റെ കോടികൾ വിലവരുന്ന വസ്തുക്കൾ വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ബന്ധു ശ്രമിച്ചെന്നും ഇവരെ സഹായിക്കാൻ രാജീവിനെതിരെ എസ്ഐ വ്യാജ പീഡനക്കേസ് ചുമത്തിയെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിൽ കോടതി ഉത്തരവുപ്രകാരം കെട്ടിയ കമ്പിവേലി പൊളിച്ചുനീക്കാൻ ബന്ധുവിന് ഒത്താശ ചെയ്തെന്നും റിപ്പോർട്ടിലുണ്ട്.

രാജീവിന്റെ പരാതിയിൽ പൊലീസ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്ന് എസ്ഐക്കെതിരെ മൂന്നു വർഷത്തേക്കു വേതന വർധന തടഞ്ഞുള്ള വകുപ്പുതല നടപടിയെടുത്തിരുന്നു. കൂടുതൽ നടപടികൾക്കാണു ക്രൈംബ്രാഞ്ച് ശുപാർശ. 

കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി രാജീവ് സംസ്ഥാന പൊലീസ് മേധാവിക്കു കൊടുത്ത പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. 

വ്യാജ പീഡനക്കേസ് കൊടുത്ത സ്ത്രീക്കെതിരെ ഐപിസി 182–ാം വകുപ്പുപ്രകാരം കേസ് എടുക്കുന്നതിന് അനുമതിക്കായി വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ വടക്കാഞ്ചേരി സിഐ ഹർജി നൽകിയിട്ടുണ്ട്. വ്യാജ പീഡനക്കേസിൽ കള്ളസാക്ഷി പറഞ്ഞവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

പി.വി.രാജീവിന്റെ കാറിൽ കഞ്ചാവ് വച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ജീവനക്കാരന് അനുകൂലമായി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ആരോപണ വിധേയനായ എസ്ഐ ഇപ്പോൾ മലപ്പുറം ജില്ലയിലാണു ജോലി ചെയ്യുന്നത്.