Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ സമരം പിൻവലിച്ചു; വൈകുന്നേരം വരെയുള്ള ഒപിയുമായി സഹകരിക്കും

medical

തിരുവനന്തപുരം ∙ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മതിയായ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഡോക്ടർമാർ നാലുദിവസമായി നടത്തുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഭാരവാഹികളുമായി മന്ത്രി കെ.കെ.ശൈലജ നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം.

സമരം അവസാനിപ്പിച്ചശേഷം അനുരഞ്ജന ചർച്ചയ്ക്കു തയാറായാൽ മതിയെന്നായിരുന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനം. നോട്ടിസ് പോലും നൽകാതെ ആരംഭിച്ച അനിശ്ചിതകാല സമരത്തെ ജനകീയമായി നേരിടുമെന്നും പ്രൊബേഷൻ കാലാവധി കഴിയാത്ത ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി കെ. കെ. ശൈലജ തുടർന്നു മുന്നറിയിപ്പു നൽകി. ഇതേത്തുടർന്നാണു സമരം അവസാനിപ്പിക്കാൻ കെജിഎംഒഎ മുൻകൈയെടുത്തത്. പ്രധാന തീരുമാനങ്ങൾ: കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം വരെയുള്ള ഒപിയുമായി ഡോക്ടർമാർ സഹകരിക്കും. കേന്ദ്രങ്ങളിൽ കുറഞ്ഞതു മൂന്നു ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. ഇവർ അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിനു ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ പ്രോഗ്രാം മാനേജരും നേതൃത്വം നൽകുന്ന റിസർവ് ടീം ഉണ്ടാക്കും.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രായോഗിക വിഷമതകൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു കെജിഎംഒഎ പ്രതിനിധികൾ അടക്കമുള്ളവരുമായി ചർച്ച നടത്തും. മേയ് ആദ്യവാരം മന്ത്രിതല ചർച്ച നടത്തും. സമരത്തിന്റെ ഭാഗമായി അനധികൃതമായി ജോലിയിൽ പ്രവേശിക്കാത്തതിനു സസ്‌പെൻഡ് ചെയ്യപ്പെട്ടവർ വിശദീകരണം നൽകിയാൽ നടപടി ഒഴിവാക്കും.