Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി ഫലപ്രഖ്യാപനം 30നു ശേഷം

exam-sslc

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം 30നു ശേഷം ഏതുദിവസവും ഉണ്ടാകാം. ഫലപ്രഖ്യാപനം മേയ് രണ്ടിനു നടക്കുമെന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. എസ്എസ്എൽസി മൂല്യനിർണയം 23ന് അവസാനിക്കും. മറ്റു ജോലികൾ പൂർത്തിയാക്കാൻ ഒരാഴ്ച വേണം. ദിവസേന മാർക്കുകൾ അപ്‌ലോഡ് ചെയ്യുന്നതിനാൽ വിട്ടുപോയ മാർക്കുകൾ പരിശോധിച്ചു വീണ്ടും ചേർക്കണം. ഗ്രേസ് മാർക്കും തുടർമൂല്യനിർണയത്തിന്റെ മാർക്കും ഉൾപ്പെടുത്തണം. ഐടി മാർക്കും രേഖപ്പെടുത്തേണ്ടതുണ്ട്. തുടർന്ന്, ഒരിക്കൽക്കൂടി പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയിട്ടേ ഫലം പ്രഖ്യാപിക്കൂ. ഇതിന് ആറോ ഏഴോ ദിവസം എടുക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ 30നു ഫലം തയാറാകാനാണു സാധ്യത.

മേയ് ഒന്നിന് അവധിയായതിനാൽ രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യംകൂടി നോക്കിയാകും തീയതി തീരുമാനിക്കുക. കഴിഞ്ഞവർഷം കണക്കു പരീക്ഷ വീണ്ടും നടത്തേണ്ടി വരികയും മൂല്യനിർണയം നീണ്ടുപോവുകയും ചെയ്തിട്ടും മേയ് മൂന്നിനു ഫലം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അതിനെക്കാൾ ഒരു ദിവസമെങ്കിലും നേരത്തേയാക്കണമെന്ന ചിന്തയിലാണു വിദ്യാഭ്യാസ വകുപ്പ്.