Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് അപകടം: കാർ കണ്ടെടുത്തു; മൂന്നു പേരുടെ മൃതദേഹം കിട്ടി

വാഷിങ്ടൻ∙ യുഎസിൽ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നു പേരുടെയും മൃതദേഹങ്ങൾ കിട്ടി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (ഒൻപത്) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. മകൻ സിദ്ധാന്തിന്റെ (12) മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. മുങ്ങിപ്പോയ കാറും കണ്ടെടുത്തു.

ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേർന്നു കരകവിഞ്ഞൊഴുകിയ ഈൽ നദിയിലേക്ക് ഇവരുടെ കാർ വീഴുകയായിരുന്നു. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തിൽ നിന്നു യുഎസിൽ എത്തിയ സന്ദീപ് 15 വർഷം മുൻപാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിൻഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാൻ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിൻഡോ തകർന്നിരുന്നു. കാർ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈൽ അകലെ നാലടിയിലേറെ താഴ്ചയിൽ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാർ.

സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ കാറിൽ‌ നിന്നു കണ്ടെടുത്തു മോർച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈൽ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചിൽ ശ്രമകരമായി മാറിയത്.