Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ: 500 കോടി വരുമാനമുള്ള സ്റ്റേഷനുകളുടെ ഗ്രൂപ്പിൽ കേരളമില്ല

കൊച്ചി ∙ വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കാക്കിയുള്ള പുതിയ മാനദണ്ഡപ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ ഗ്രേഡിങ്ങിൽ ആദ്യ വിഭാഗത്തിൽ കേരളത്തിൽ നിന്നു സ്റ്റേഷനുകളില്ല. പ്രതിവർഷം 500 കോടി രൂപയ്ക്കു മുകളിൽ വരുമാനവും രണ്ടു കോടിയിൽ കൂടുതൽ യാത്രക്കാരുമുള്ള (നോൺ സബേർബൻ ഗ്രൂപ്പ്–എൻഎസ്ജി 1) വിഭാഗത്തിൽ ദക്ഷിണ റെയിൽവേയിൽ നിന്നു ചെന്നൈ സെൻട്രലും ചെന്നൈ എഗ്‌മൂറും താംബരവും മാത്രമാണുള്ളത്. താംബരവും എഗ്‌മോറും പ്രധാന നഗരത്തിലെ സ്റ്റേഷൻ എന്ന നിലയിലാണു എൻസ്ജി 1 എന്ന വിഭാഗത്തിലെത്തിയത്.

നൂറിനും അഞ്ഞൂറു കോടിക്കും ഇടയിൽ വരുമാനവും ഒന്നു മുതൽ രണ്ടു കോടി വരെ യാത്രക്കാരുമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ (എൻഎസ്ജി 2) കേരളത്തിൽ നിന്നു തിരുവനന്തപുരം, എറണാകുളം ജംക്‌ഷൻ (സൗത്ത്), കോഴിക്കോട്, തൃശൂർ എന്നിവ ഇടംപിടിച്ചു. 20 മുതൽ 100 കോടി രൂപ വരെ വരുമാനമുള്ളതും 50 ലക്ഷം മുതൽ ഒരു കോടി വരെ യാത്രക്കാരുമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ (എൻഎസ്ജി 3) ആലുവ, പാലക്കാട്, എറണാകുളം ടൗൺ, കൊല്ലം, കണ്ണൂർ, കോട്ടയം, ചെങ്ങന്നൂർ, ഷൊർണൂർ, കായംകുളം, തലശേരി, തിരൂർ, കൊച്ചുവേളി, ആലപ്പുഴ, വടകര എന്നിവയാണുള്ളത്. 10 മുതൽ 20 കോടി വരെ വരുമാനവും 20 ലക്ഷം മുതൽ 50 ലക്ഷം വരെ യാത്രക്കാരുമുള്ള എൻഎസ്ജി നാലിലാണു കാസർകോട്, തിരുവല്ല, പയ്യന്നൂർ, കാഞ്ഞങ്ങാട്, കൊയിലാണ്ടി, ഒറ്റപ്പാലം, ചങ്ങനാശേരി, കുറ്റിപ്പുറം, വർക്കല, അങ്കമാലി സ്റ്റേഷനുകൾ. ബാക്കിയുള്ള സ്റ്റേഷനുകൾ എൻഎസ്ജി അഞ്ച്, ആറു വിഭാഗങ്ങളിലാണുള്ളത്.

മുൻപു ടിക്കറ്റ് വിൽപനയെ മാത്രം അടിസ്ഥാനമാക്കിയാണു സ്റ്റേഷനുകളെ ഏഴായി തരം തിരിച്ചിരുന്നത്. അതിലെ അശാസ്ത്രീയത പരിഹരിക്കാനാണു സ്ഥലങ്ങളുടെ പ്രാധാന്യവും സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ എണ്ണവും കൂടി ഇപ്പോൾ പരിഗണിക്കുന്നത്. പുതിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റേഷനുകളിൽ ലിഫ്റ്റ് ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക. പ്രധാന തീർഥാടന, വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തുള്ള സ്റ്റേഷനോ ജംക്‌ഷനോ ആണെങ്കിൽ അതിനെ എൻഎസ്ജി 4 വിഭാഗത്തിൽ ഉൾപ്പെടുത്താൻ സോണൽ ജനറൽ മാനേജർമാർക്ക് അധികാരമുണ്ട്. എന്നാൽ ഗുരുവായൂർ, വേളാങ്കണ്ണി, പഴനി സ്റ്റേഷനുകൾ എൻഎസ്ജി നാലിലേക്ക് ഉയർത്താൻ ദക്ഷിണ റെയിൽവേ നടപടിയെടുത്തിട്ടില്ല.

വരുമാനം കൂടുതലുള്ള കേരളത്തിലെ 10 സ്റ്റേഷനുകൾ

1.തിരുവനന്തപുരം-184 കോടി 

2.എറണാകുളം ജംക്‌ഷൻ (സൗത്ത്)-163 കോടി

3.കോഴിക്കോട്-112 കോടി

4.തൃശൂർ-106 കോടി

5.കണ്ണൂർ-73 കോടി

6.എറണാകുളം ടൗൺ (നോർത്ത്)-67 കോടി

7.ആലുവ-63 കോടി

8.പാലക്കാട് ജംക്‌ഷൻ-61 കോടി

9.കൊല്ലം-60 കോടി

10.കോട്ടയം-58 കോടി

related stories