Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിലെ ക്രിമിനലുകൾക്കു നല്ല കാലം; എഡിജിപിമാരുടെ സമിതി പിരിച്ചുവിട്ടു

Kerala-Police

തിരുവനന്തപുരം∙ ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ പേരിലുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കാനുള്ള എഡിജിപിമാരുടെ സംസ്ഥാനതല സമിതി പിരിച്ചുവിട്ടു പകരം ആറു വികേന്ദ്രീകൃത സമിതികൾക്കു രൂപംനൽകി. ഐജിമാരുടെ നേതൃത്വത്തിൽ റേഞ്ച് തലത്തിൽ നാലും എഡിജിപിമാരുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിലും സ്പെഷൽ ബ്രാഞ്ചിലും ഓരോന്നും വീതം സമിതികളാണു ഡിജിപി ലോക്നാഥ് ബെഹ്റ രൂപീകരിച്ചത്.

പൊലീസ് അതിക്രമങ്ങളും കസ്റ്റഡി പീഡനങ്ങളും ഏറെ ശ്രദ്ധനേടുന്നതിനിടെയാണു ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർക്കു സഹായകരമായ തീരുമാനം. പൊലീസിലെ ക്രിമിനൽവൽക്കരണം നിരീക്ഷിച്ചു ശക്തമായ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു നാല് എഡിജിപിമാർ അംഗങ്ങളായി സംസ്ഥാനതല സമിതി രൂപീകരിച്ചത്.

അന്വേഷണ പുരോഗതി ആറു മാസത്തിലൊരിക്കൽ പരിശോധിച്ചു സസ്പൻഷനും അച്ചടക്ക നടപടികളും പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം എഡിജിപി സമിതിയാണ് എടുത്തിരുന്നത്. ഐജിമാരുടെ സമിതികളിൽ ആ റേഞ്ചിലെ എസ്പിമാരും കമ്മിഷണർമാരും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ഉൾപ്പെടും. മറ്റു രണ്ട് എഡിജിപിമാരുടെ സമിതികളിൽ ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരും സ്പെഷൽ ബ്രാഞ്ചിലെ ഉന്നതരും ഉൾപ്പെടും.

കോൺസ്റ്റബിൾ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടിയാണ് ഈ സമിതികൾ പുനഃപരിശോധിക്കുന്നത്. ഡിവൈഎസ്പി മുതൽ ഡിജിപി റാങ്കിലുള്ളവരുടെ കേസുകൾ സർക്കാരാണു പുനഃപരിശോധിക്കുക. ക്രിമിനൽ പട്ടികയിൽ 837 പൊലീസുകാർ സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 837 പേർ സേനയിലുണ്ട്. എസ്പി-ഒന്ന്, ഡിവൈഎസ്പി-10, സിഐ-ആറ്, എസ്ഐ-63, എഎസ്ഐ-55, ഹെഡ് കോൺസ്റ്റബിൾ-168, കോൺസ്റ്റബിൾ 534. ഈ പട്ടികയിലെ ഒരു എസ്പിയുടെയും 10 ഡിവൈഎസ്പിമാരുടെയും കേസുകൾ ഒഴികെ 826 പൊലീസുകാർക്കെതിരായുള്ള അച്ചടക്ക നടപടി പുതിയ സമിതികളാണ് അവലോകനം ചെയ്യുക.