Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശസ്ഥാപനങ്ങൾക്കു പണം ഈ മാസം തന്നെ നൽകുമെന്നു മന്ത്രി

KT_Jaleel

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയാക്കിയ പദ്ധതികൾക്കുള്ള പണം ഈ മാസം അവസാനത്തോടെ നൽകുമെന്നു മന്ത്രി കെ.ടി.ജലീൽ. ട്രഷറികളിലെ പ്രതിസന്ധി പരിഹരിക്കാൻ ഊർജിതമായി ശ്രമിച്ചുവരികയാണ്. കേന്ദ്ര സർക്കാരിൽ നിന്നു ജിഎസ്ടി വിഹിതം ലഭിക്കുന്നതിലെ താമസമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

ഈ മാസം അവസാനത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ മാറാൻ കഴിയുമെന്നു ധനവകുപ്പ് ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാർച്ച് 25 നു ശേഷം സമർപ്പിച്ച തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു പിടിച്ചുവച്ചിരിക്കുകയാണെന്ന മനോരമ വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതിനിടെ, തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടും ജനറൽ പർപ്പസ് ഫണ്ടും അവരെ അറിയിക്കാതെ സർക്കാർ പിടിച്ചെടുത്തുവെന്നു കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് ആരോപിച്ചു. ഈ പണം ഉടനെ തിരികെ നൽകിയില്ലെങ്കിൽ ശമ്പളം നൽകാൻ പോലും തദ്ദേശസ്ഥാപനങ്ങളിൽ പണമുണ്ടാകില്ല. പിടിപ്പുകെട്ട ഭരണം മൂലം ട്രഷറികൾ പൂട്ടിയിട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

related stories