Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ ചാണ്ടി–രാഹുൽ കൂടിക്കാഴ്ച ഇന്ന്; അഴിച്ചുപണി ചെങ്ങന്നൂരിനുശേഷം മതിയെന്ന് ആവശ്യപ്പെട്ടേക്കും

Rahul Gandhi, Oommen Chandy

ന്യൂഡൽഹി ∙ കെപിസിസി അഴിച്ചുപണി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷം മതിയെന്നു കേരള നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കും. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ സംഘടനയിൽ മാറ്റമുണ്ടാകുന്നതു ഗുണകരമാവില്ലെന്നു പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ജനമോചനയാത്ര നടത്തിക്കൊണ്ടിരിക്കുകയുമാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്നു 11നു കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഇന്നു വൈകിട്ടോ നാളെയോ കൂ‌‌ടിക്കാഴ്ച നടന്നേക്കും. ഇതിനിടെ, മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ഇരു‌വരും ചർച്ച നടത്തി. ‘ഡൽഹിയിലെത്താൻ ആവശ്യപ്പട്ടു, കാര്യപരിപാടിയെന്തെന്നു പറഞ്ഞില്ലെ’ന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

എന്നാൽ, പിസിസി ചർച്ചയുണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്, കേ‌രളത്തിലെ കലുഷിത രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയും ചർച്ചയായേക്കും. എന്നാൽ, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ജൂൺ അവസാനം കാലാവധി പൂർത്തിയാക്കുന്നതോടെ രാജ്യസഭയിലേക്കു വരുന്ന ഒഴിവിനെക്കുറിച്ച് ഇപ്പോൾ കൂടിയാലോചനയ്ക്കു സാധ്യതയില്ല.

താൽക്കാലികമായി നിയമിതനായ ഹസൻ, കെപിസിസി അധ്യക്ഷസ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞു. പാർട്ടിയിലെ വിവിധ താൽപര്യക്കാരെയും ഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിജയം. എങ്കിലും സമ്പൂർണ സമ്മേളനത്തിനുശേഷം മാറ്റമുണ്ടാകുമെന്ന് എഐസിസി വ്യക്തമാക്കിയിരുന്നു.

എഐസിസി, പിസിസി അഴിച്ചുപണികൾ നടക്കുകയുമാണ്. യുവാക്കളും മുതിർന്നവരുമായ അനവധി നേതാക്കൾ കെപിസിസി അ‌ധ്യക്ഷ പദവിക്ക് ഒളിഞ്ഞും തെളിഞ്ഞും അവകാശവാദമുന്നയിക്കു‌ന്നുണ്ട്. ചെങ്ങന്നൂരിനുശേഷം അടുത്ത ഘട്ടം എന്ന് ധാരണയായാൽ ചർച്ചകൾക്കു താൽക്കാലിക വിരാമമാകും.