Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഏറ്റെടുത്തിട്ടും പരിയാരത്തു സ്വാശ്രയ നിരക്കി‍ൽ തന്നെ ഫീസ്

പരിയാരം (കണ്ണൂർ)∙ സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജ് സ്വാശ്രയ മേഖലയിൽ തന്നെ തുടരുമെന്ന സൂചന നൽകി മെഡിക്കൽ കോഴ്സുകളിൽ വൻ ഫീസ് വർധന. കഴിഞ്ഞ വർഷം സർക്കാർ ക്വോട്ടയിൽ എംബിബിഎസിനു ചേർന്നവർക്കും സ്വാശ്രയ നിരക്കിൽ ഫീസ് വർധിപ്പിച്ചു കോളജ് മാനേജ്മെന്റ് ഉത്തരവിട്ടു.

ഈ വർഷം ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകൾ‌ക്കു സർക്കാർ ക്വോട്ടയിൽ ചേരുന്നവർക്കു 10ലക്ഷം രൂപയാണു ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പിജി കോഴ്സിന് അരലക്ഷം രൂപ മാത്രം ഫീസ് ഈടാക്കുമ്പോഴാണു സർക്കാർ ഏറ്റെടുത്ത പരിയാരത്ത് അതിന്റെ 20 മടങ്ങു ഫീസ് നിശ്ചയിച്ചത്.

ഇതോടെ, സർക്കാർ ഏറ്റെടുത്താലും സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കൽ കോളജായി തുടരുമെന്നു വ്യക്തമായി. കഴിഞ്ഞ അധ്യയന വർഷത്തിന്റെ ആദ്യം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 85% സീറ്റിലും പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണു സർക്കാർ ഫീസ് നിശ്ചയിച്ചത്. പക്ഷേ, സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിനാൽ പരിയാരത്തു സർക്കാർ ക്വോട്ടയിലെ 50% സീറ്റിൽ 2.5 ലക്ഷവും മാനേജ്മെന്റ് സീറ്റിൽ 10 ലക്ഷവുമായി നിജപ്പെടുത്തുകയായിരുന്നു.

10ലക്ഷം ഫീസ് വാങ്ങുന്നതിനെതിരെ സ്വാശ്രയ വിദ്യാ‍ർഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണു ഫീസ് നിർണയ സമിതിയായ രാജേന്ദ്രബാബു കമ്മിറ്റി പരിയാരത്തും ഏകീകൃത ഫീസ് നടപ്പാക്കാൻ ഉത്തരവിട്ടത്. അതിന്റെ മറവിലാണ് ഇപ്പോഴത്തെ ഫീസ് വർധന. മാനേജ്മെന്റ് സീറ്റുകളിലും ഇനി 4.85ലക്ഷം തന്നെ ഫീസ്. അതിനു പുറമെയാണു പിജി സീറ്റുകളിലും സ്വാശ്രയരീതിയി‍ൽ പ്രവേശന നടപടി തുടങ്ങിയത്.

50% സർക്കാർ ക്വോട്ട, 35% മാനേജ്മെന്റ്, 15% എൻആർഐ എന്നതാണു സീറ്റ് ഘടന. സർക്കാർ ഏറ്റെടുത്തതിനാൽ പിജി മെറിറ്റ് സീറ്റുകളിൽ മാത്രം ഫീസ് 14ലക്ഷത്തിൽ നിന്നു 10ലക്ഷമായി കുറച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകളിൽ 100% സീറ്റുകളും മെറിറ്റ് ക്വോട്ടയിൽ വേണമെന്നാണു നിയമം. സർക്കാർ ഏറ്റെടുത്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും പരിയാരം മെഡിക്കൽ കോളജിൽ സിപിഎം നിയന്ത്രിത ഭരണസമിതി സ്ഥാനമൊഴിഞ്ഞിട്ടില്ല. 

ഫീസ് ഉടൻ അടച്ചില്ലെങ്കിൽ പുറത്ത്

പരിയാരത്ത് ഒന്നാം വർഷ എംബിബിഎസിനു സർക്കാർ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസ് 2.5ലക്ഷം രൂപയിൽ നിന്നു 4.85ലക്ഷം രൂപയായാണു വർധിപ്പിച്ചത്. 2.5ലക്ഷം അടച്ച് ഒരു വർഷമായി പഠിച്ചു വരുന്നവർ 15 ദിവസത്തിനകം 2.35ലക്ഷം കൂടി അടയ്ക്കണം. ഇല്ലെങ്കിൽ പുറത്താക്കുമെന്ന് അറിയിച്ചതായും വിദ്യാ‍ർഥികൾ പറയുന്നു.

25,000 മുതൽ 40,000 രൂപ വരെ മാത്രം ഫീസ് ഉണ്ടായിരുന്ന സംവരണ വിഭാഗം വിദ്യാർഥികളും നാലര ലക്ഷം രൂപയോളം അധികമായി അടയ്ക്കേണ്ടി വരും.