Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീ‍‍‍ഡനശ്രമം: പരാതിക്കാരി വിദ്യാർഥിനിയോട് ദൃശ്യങ്ങൾ പകർത്തി വരാൻ പൊലീസ്

മൂവാറ്റുപുഴ ∙ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും കുടുംബാംഗങ്ങളെ മുഴുവൻ ആക്രമിക്കുകയും ചെയ്തയാൾക്കെതിരെ പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ ദലിത് വിദ്യാർഥിനിയോടു വീട്ടിൽ ക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്തി വരാൻ സ്റ്റേഷൻ ഓഫിസർ ആവശ്യപ്പെട്ടുവെന്നു പരാതി. പൊലീസ് പരാതി സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചുവെന്നും ഒടുവിൽ ദലിത് സംഘടനാ പ്രവർത്തകൻ ചോദ്യം ചെയ്തതോടെയാണു അതിനു തയാറായതെന്നും പട്ടികജാതി ക്ഷേമവകുപ്പു മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു. 

ആരക്കുഴ പഞ്ചായത്തിൽ മുതുകല്ല്‌ പട്ടികജാതി ലക്ഷംവീട്‌ കോളനിയിൽ താമസിക്കുന്ന ഡിഗ്രി വിദ്യാർഥിനിക്കാണു പ്രദേശവാസിയായ ഇടതുസംഘടനാ പ്രവർത്തകനിൽനിന്നു ദുരനുഭവമുണ്ടായത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12.30നാണു പെൺകുട്ടിക്കു നേരെ ആക്രമണമുണ്ടായത്. മദ്യലഹരിയിൽ എത്തിയ പ്രദേശവാസി കൂടെവരണമെന്നാവശ്യപ്പെട്ടു കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു. എതിർത്തപ്പോൾ അസഭ്യം പറഞ്ഞു. ഇതു കണ്ടുവന്ന വിദ്യാർഥിനിയുടെ അമ്മയും മുത്തശ്ശിയും ആക്രമണത്തെ എതിർത്തപ്പോൾ ഇയാൾ ഇവരെയും മർദിച്ചു. ബഹളം കേട്ടു സമീപവാസികളെത്തിയതോടെയാണ് ഇയാൾ പിന്മാറിയതെന്നു വിദ്യാർഥിനി പറയുന്നു. 

എഴുപതു വയസ്സുള്ള മുത്തശ്ശിയുടെ കാലുകൾ പൊട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയിലായി. ഇയാൾ ഇതിനു മുൻപും പലവട്ടം ശല്യം ചെയ്‌തിട്ടുണ്ടെന്നും പരാതിയിലുണ്ട്. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയശേഷം വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണു പൊലീസ് അപമാനിച്ചത്. പീഡിപ്പിക്കാൻ വരുന്നതിന്റെയും ആക്രമണത്തിന്റെയുമൊക്കെ ദൃശ്യങ്ങൾ പകർത്താൻ ക്യാമറ വീട്ടിൽ സ്ഥാപിക്കാനാണ് സ്റ്റേഷൻ ഓഫിസർ നിർദേശിച്ചത്. പരാതി ഒത്തുതീർപ്പാക്കാനും നിർബന്ധിച്ചു. തയാറല്ലെന്ന നിലപാടെടുത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

related stories