Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ അങ്കത്തിന് വീണ്ടും പി.ജെ. കുര്യനോ? കോൺഗ്രസിൽ ആലോചന മുറുകുന്നു

pj-kurian-2

ന്യൂഡൽഹി ∙ കെപിസിസി പ്രസിഡന്റ് ചർച്ചകൾക്കു പിന്നാലെ, കേരളത്തിൽനിന്നു കോൺഗ്രസിന്റെ രാജ്യസഭാംഗത്തെ കണ്ടെത്താനുള്ള ചർച്ചകളും സജീവമായി. ജൂൺ 30ന് ഒഴിവുവരുന്ന മൂന്നു സ്ഥാനങ്ങളിൽ ഒന്നാണ് കോൺഗ്രസിനു കിട്ടാവുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യനെ കോൺഗ്രസ് വീണ്ടും നാമനിർദേശം ചെയ്യുമോ എന്നതു തന്നെ പ്രധാന ചോദ്യം. കുര്യന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഒന്നു തന്നെ: അനുഭവസമ്പത്തും പദവിയും.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൊണ്ടു ചില പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ശത്രുത കുര്യൻ സമ്പാദിച്ചിട്ടുണ്ട്. പലപ്പോഴും കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനു പകരം ഭരണപക്ഷത്തോടു ചായ്‌വ് കാട്ടിയെന്നാണ് അവരുടെ ആക്ഷേപം. എന്നാൽ, തന്റെ കൂറ് സഭാ ചട്ടങ്ങളോടും വ്യവസ്ഥകളോടും മാത്രമായിരുന്നെന്നാണു കുര്യന്റെ മറുപടി. കഴിഞ്ഞ ‌സമ്മേളനത്തിൽ അഴിമതിവിരുദ്ധ ബിൽ എങ്ങനെയും പാസാക്കാനുള്ള സർക്കാരിന്റെ ശ്രമം പൊളിഞ്ഞതു ചട്ടങ്ങൾ സംരക്ഷിക്കാൻ കുര്യൻ നിർബന്ധം പിടിച്ചതു കൊണ്ടാണ്.

അനുഭവസമ്പത്തിന്റെ പേരിൽ കുര്യന് ഒരുവട്ടം കൂടി ഉപാധ്യക്ഷപദവി ലഭിക്കാനുള്ള സാധ്യതകളോ? പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണ് രാജ്യസഭാ ഉപാധ്യക്ഷ പദവി. കോൺഗ്രസിന്റെ പക്കൽ അവശേഷിക്കുന്ന ഏക ഭരണഘടനാ പദവി കൂടിയാണിത്. പരിചയസമ്പന്നനായ കുര്യൻ വന്നാൽ അദ്ദേഹത്തിനു വീണ്ടും ‌സ്ഥാനം നൽകാൻ ബിജെപി തയാറായേക്കാം. എന്നാൽ, രാജ്യസഭയിൽ കൂടുതൽ ശക്തിയാർജിച്ചുവരുന്ന ബിജെപി, എന്തിനു കോൺഗ്രസ് നേതാവിനെ പിന്തുണയ്ക്കണമെന്ന ചോദ്യം മറുവശത്തുണ്ട്. ഇനി വഴിമാറിക്കൂടേയെന്ന ചോദ്യവും.

ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ‌യും സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്നു. 2003ൽ കെ. കരുണാകരന്റെ വിമതനീക്കത്തിനിടെ ചാക്കോയ്ക്കു കൈവിടേണ്ടി വന്ന സ്ഥാനമാണിത്. ലോക്സഭാ സ്ഥാനാർഥിത്വത്തിൽനിന്ന് അടുത്ത തലമുറയ്ക്കുവേണ്ടി വഴിമാറാൻ അദ്ദേഹം തയാർ. ഡൽഹിയിലെ പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം അനുകൂല ഘടകം. ബെന്നി ബഹനാൻ എഐസിസിയുടെ വിശാല പാക്കേജിൽ ഉൾപ്പെടാനുളള സാധ്യതയും ചർച്ചയിലുണ്ട്. തുടക്കത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ ഏക പ്രതിനിധിയായിരുന്നു അദ്ദേഹം.

ഇതേസമയം, ചർച്ചകളെ സജീവമാക്കി പുതിയൊരു ആശയം കളംപിടിച്ചിട്ടുണ്ട്: ലീലാ ദാമോദര മേനോനു (1974–80) ശേഷം ആദ്യമായി എന്തുകൊണ്ട് ഒരു വനിതയ്ക്കു കേരളത്തിൽനിന്നു രാജ്യസഭയിലെത്തിക്കൂടാ? ഭാരതി ഉദയഭാനു (1954–’64), ദേവകി ഗോപിദാസ് (1962–’68) എന്നിവരെക്കൂടി കൂട്ടിയാ‌ലും ആകെ മൂന്നു കോൺഗ്രസ് വനിതകളാണ് സംസ്ഥാനത്തുനിന്നു രാജ്യസഭയിലെത്തിയിട്ടുള്ളത്. എം.എം. ഹസൻ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുമ്പോൾ രാജ്യസഭയിലേക്ക് എന്തുകൊണ്ട് ഒരു മുസ്‌ലിം വനിതയായിക്കൂടാ? കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച ഈ വഴി‌ക്കായിരുന്നെന്നു സൂചനയുണ്ട്.