Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി പരീക്ഷ: ഹാൾ ടിക്കറ്റ് നൽകുന്ന രീതി മാറുന്നു

PSC

തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷകൾക്കു ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതിനു പകരം, പരീക്ഷയിൽ പങ്കെടുക്കുമെന്ന് ഓൺലൈൻ ആയി അപേക്ഷകർ കൺഫർമേഷൻ നൽകണം. ഓഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകും. മേയ് 26നു സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്ക് ഈ പരിഷ്കാരം ആദ്യമായി നടപ്പാക്കും.

കൺഫർമേഷൻ നൽകുന്നവർക്കു പരീക്ഷയ്ക്ക് 20 ദിവസം മുൻപ് പിഎസ്‌സി തന്നെ ഹാൾ ടിക്കറ്റ് അനുവദിക്കും. ഇത് ഉദ്യോഗാർഥികൾക്കു ഡൗൺലോ‍ഡ് ചെയ്യാം. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്ക് ഇതിനകം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്ത 2.32 ലക്ഷം ഉദ്യോഗാർഥികൾക്കു പിഎസ്‌സി പുതിയ ഹാൾടിക്കറ്റ് നൽകുമെന്നു ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു.

നിലവിൽ ജനറേറ്റ് ചെയ്തതു റദ്ദാകും. ഇത് പരീക്ഷയ്ക്ക് ഉപയോഗിക്കാനാകില്ല. ആകെ 6.6 ലക്ഷം പേരാണു പരീക്ഷയെഴുതുന്നത്. മേയ് ആറുവരെ ഇവർക്ക് കൺഫർമേഷൻ സമർപ്പിക്കാം. ഇന്നലെ ചേർന്ന പിഎസ്‌സി പ്രത്യേകയോഗത്തിലാണു തീരുമാനം. ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത ശേഷം ഒട്ടേറെ പേർ പരീക്ഷയിൽ പങ്കെടുക്കുന്നില്ലെന്നു നേരത്തേ പിഎസ്‌സി കണ്ടെത്തിയിരുന്നു.

പിഎസ്‌സിക്ക് കോടിക്കണക്കിനു രൂപയുടെ അനാവശ്യച്ചെലവ് വരുത്തിവയ്ക്കുന്ന ഈ പതിവ് അവസാനിപ്പിക്കാനാണു കൺഫർമേഷൻ പരിഷ്കാരം നടപ്പാക്കുന്നത്. 70 ദിവസം മുൻപ് പരീക്ഷാ കലണ്ടർ പ്രഖ്യാപിക്കും. കൺഫർമേഷൻ സമർപ്പിക്കാൻ 20 ദിവസം സമയം നൽകും. കൺഫർമേഷൻ നൽകുന്നവർക്ക് എസ്എംഎസ് ആയും പരീക്ഷാവിവരങ്ങൾ കൈമാറും.

ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്കു പരീക്ഷാകേന്ദ്രങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. കൂട്ട കോപ്പിയടിയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ ഇതുവരെ പരാതികളൊന്നും നൽകിയിട്ടില്ലെന്നു ചെയർമാൻ പറഞ്ഞു. പിഎസ്‌സി സ്വമേധയാ നടത്തിയ പരിശോധനയിൽ അത്തരം സാധ്യതകളൊന്നുമുണ്ടായിട്ടില്ലെന്നു കണ്ടെത്തി. പരാതികൾ ഒഴിവാക്കാൻ ചോദ്യകർത്താക്കൾക്ക് വിദഗ്ധപരിശീലനം നൽകുമെന്നും സക്കീർ അറിയിച്ചു.