Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികളെ ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

sreejith-death

കൊച്ചി ∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളായ റൂറൽ ടൈഗർ ഫോഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില തിരിച്ചറിഞ്ഞു. ഒന്നാം പ്രതി സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്. സുമേഷ് എന്നിവരുടെ തിരിച്ചറിയൽ പരേഡ് ആണ് കാക്കനാട് ജില്ലാ ജയിലിൽ നടത്തിയത്. മൂന്നു പ്രതികളെയും തിരിച്ചറിഞ്ഞത് അഖില മാത്രമാണ്.

ശ്രീജിത്തിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ 

കൊച്ചി ∙ വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭാര്യ അഖില ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതികളായ പൊലീസ് ഓഫിസർമാർക്കെതിരെ പൊലീസ്തന്നെ അന്വേഷണം നടത്തിയാൽ ഫലപ്രദമാവില്ലെന്നാണ് ആക്ഷേപം. ശ്രീജിത്തിന്റെ ആശ്രിതർക്കു സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്ന ഹർജി കോടതി പിന്നീടു പരിഗണിക്കും.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോഴും കസ്റ്റഡിയിലും പൊലീസ് ക്രൂരമായി മർദിച്ചതിന്റെ ഫലമായുണ്ടായ ഗുരുതര പരുക്കുകൾ മൂലമാണ് ഒൻപതിനു ശ്രീജിത്ത് മരിച്ചതെന്നും മെഡിക്കൽ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ വകുപ്പുകൾക്കു കേസെടുത്ത പൊലീസ് നാലു പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, ഗൂഢാലോചനയിൽ പങ്കുള്ള റൂറൽ പൊലീസ് മേധാവിയെയും എസ്എച്ച്ഒയെയും സ്വാധീനമുള്ള മറ്റ് ഓഫിസർമാരെയും ഒഴിവാക്കി. നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സിബിഐക്കു കൈമാറണം. കസ്റ്റഡി പീഡനത്തിന് ഇരയായി മരിക്കുന്നവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുള്ളതിനാൽ സമയബന്ധിതമായ നഷ്ടപരിഹാരത്തിനും പകുതി തുക ഉടൻ നൽകാനും നിർദേശിക്കണമെന്നു ഹർജിയിൽ പറയുന്നു.