Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കു പെരുവനത്തിന്റെ സമ്മാനം തൽസമയം ചെണ്ടക്കോൽ

pinarayi-vijayan-and-peruvanam-kuttan-maraar തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളം കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മേളപ്രമാണി പെരുവനം കുട്ടൻ മാരാരെ പൊന്നാട അണിയിച്ചപ്പോൾ സ്നേഹസമ്മാനമായി മാരാർ ചെണ്ടക്കോൽ കൈമാറുന്നു.

തൃശൂർ ∙ പിണറായിക്കു പെരുവനത്തിന്റെ സ്നേഹത്തിന്റെ കോൽ. അതും ഇലഞ്ഞിത്തറയിൽ മേളം കൊട്ടിക്കൊണ്ടിരുന്ന കോൽ. പൂരത്തിലെ പ്രശസ്തമായ ഇലഞ്ഞിത്തറ േമളം കൊട്ടിത്തുടങ്ങിയ ഉടനെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇലഞ്ഞിത്തറയിലെത്തിയത്.

പ്രമാണിയായി ഇരുപതു വർഷം പൂർത്തിയാക്കിയ പെരുവനം കുട്ടൻ മാരാരെ അദ്ദേഹം പൊന്നാട അണിയിച്ചു. സന്തോഷമായെന്നു പെരുവനം പറഞ്ഞപ്പോൾ എനിക്കുമൊരു ബഹുമതിയാണെന്നു മുഖ്യമന്ത്രി മേള ശബ്ദത്തിനിടയിലും പെരുവനത്തിന്റെ ചെവിയിൽ പറഞ്ഞു. ഒന്നും തിരിച്ചു തരാനില്ലെന്നു പെരുവനം പറഞ്ഞപ്പോൾ മുഖ്യമന്ത്രി ചിരിച്ചുകൊണ്ടു കൈ കൂപ്പി പോകാനൊരുങ്ങി.

അപ്പോഴാണു പെരുവനം കൊട്ടിക്കൊണ്ടിരുന്ന ചെണ്ടക്കോൽ സമ്മാനമായി നൽകിയത്. താങ്കൾക്കു കൊട്ടേണ്ടെ എന്നു ചോദിച്ച മുഖ്യമന്ത്രിയോട് വേറെ കോലുണ്ടെന്നു കോല് എടുത്തുകാട്ടി പെരുവനം പറഞ്ഞു. ഇത് എന്റെ സമ്മാനമല്ല, ഈ നാടിന്റെ സമ്മാനമാണെന്നു പറഞ്ഞാണു മേളത്തിന്റെ സംഗീതം ചുറ്റും നിറയവെ മുഖ്യമന്ത്രിയെ ഇലഞ്ഞിച്ചോട്ടിൽനിന്നു പെരുവനം യാത്രയാക്കിയത്.

പൂരപ്പെരുമ ലോകത്തെ അറിയിക്കും

തൃശൂർ ∙ മലയാളികളുടെ അഭിമാനമായ തൃശൂർ പൂരത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ വേണ്ടെതൊക്കെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പൂരത്തിന്റെ തനിമ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കും. കേരളത്തിന്റ വിലപ്പെട്ട സാംസ്കാരിക ഈടുവെപ്പാണു തൃശൂർ പൂരം. എല്ലാവരും ഒരുമിക്കുന്നതാണു പൂരത്തിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി കുറിച്ചു.