Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം: ടെൻഡർ തീയതി നീട്ടാതിരുന്നത് അദാനി ഗ്രൂപ്പിനു വേണ്ടിയെന്ന വാദം തള്ളി

Vizhinjam map

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിനു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ദീർഘിപ്പിക്കാത്തത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന ആരോപണം ജുഡീഷ്യൽ കമ്മിഷൻ തള്ളി. ഒഎച്ച്എൽ–സ്രേ കൺസോർഷ്യത്തിന്റെ അപേക്ഷ പരിഗണിച്ചിരുന്നെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങളിലേക്കു കാര്യങ്ങൾ നീങ്ങുമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ കമ്മിഷൻ അധ്യക്ഷൻ, വ്യക്തിപരമായി ആർക്കെതിരെയും അഴിമതിയാരോപണങ്ങൾ സ്ഥാപിക്കാൻ സാഹചര്യങ്ങളില്ലെന്നും കൂട്ടായ തീരുമാനത്തിലൂടെയാണു കരാർ അദാനി ഗ്രൂപ്പിനു നൽകിയതെന്നും നിരീക്ഷിച്ചു.

ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിതന്നെ മൂന്നു കമ്പനികളോട് അഭ്യർഥിച്ചതു പദ്ധതി നടപ്പാവാൻ വേണ്ടിയുള്ള ആഗ്രഹം കൊണ്ടാണെന്നും അതിൽ അഴിമതി കാണേണ്ടതില്ലെന്നും പറഞ്ഞു. കമ്മിഷൻ കാര്യങ്ങൾ തീരുമാനിക്കുന്നത് രേഖകളുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കിയ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ഊഹാപോഹങ്ങളും അർഥമില്ലാത്ത ആരോപണങ്ങളും ഉന്നയിക്കേണ്ടെന്നും പറഞ്ഞു. മേയ് 14, 15 തീയതികളിൽ തിരുവനന്തപുരത്തെ സിറ്റിങ് കഴിഞ്ഞ് ജൂൺ ആദ്യവാരത്തിൽ അന്തിമഘട്ട സിറ്റിങ് നടത്തുമെന്നും അധ്യക്ഷൻ വ്യക്തമാക്കി.

ടെൻഡർ തുറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് സ്രേ കമ്പനി തങ്ങളുടെ കൺസോർഷ്യം പങ്കാളി പിൻമാറിയെന്നും പുതിയ പങ്കാളിയെ കണ്ടെത്താൻ സമയം വേണമെന്നും ആവശ്യപ്പെട്ടു സർക്കാരിന് എഴുതിയ കത്ത് തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ് ഹാജരാക്കി. പങ്കാളി പിന്മാറിയ സാഹചര്യത്തിൽ കൺസോർഷ്യത്തെ അയോഗ്യരാക്കിയത് ശരിയായ തീരുമാനമായിരുന്നെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അവർക്കുവേണ്ടി ടെൻഡർ ദീർഘിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. ടെൻഡർ ലഭിക്കാത്ത ഒരു കമ്പനിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

കരാർ നടപടികൾ ഏറ്റവും സുതാര്യമാക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനുമാണ് സർവകക്ഷി യോഗം വിളിച്ചതെങ്കിലും സർക്കാർ ഭൂമി പണയപ്പെടുത്താൻ അദാനിക്ക് അനുമതി നൽകുന്ന കാര്യം യോഗത്തെ ധരിപ്പിക്കാതിരുന്നത് വീഴ്ചയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഭൂമി പണയപ്പെടുത്താൻ അവകാശം നൽകുന്ന വ്യവസ്ഥകൾ സംബന്ധിച്ചു ജയിംസ് വർഗീസ് വിശദമായ സത്യവാങ്മൂലം ഹാജരാക്കി. പൊതു–സ്വകാര്യ പങ്കാളിത്തത്തിലുള്ള ഇരുന്നൂറിലേറെ പദ്ധതികളിൽ സമാന വ്യവസ്ഥ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുലിമുട്ടിന്റെ നിർമാണച്ചെലവ് കണക്കാക്കിയതിന്റെ അടിസ്ഥാനമെന്തായിരുന്നു എന്നു ചോദിച്ച കമ്മിഷൻ, അദാനി ഗ്രൂപ്പ് ഈ ജോലി എത്ര രൂപയ്ക്കാണു പുറംകരാർ നൽകിയതെന്ന് ആരാഞ്ഞു. 1,500 കോടി രൂപയ്ക്കാണ് മറ്റൊരു ഏജൻസി പുലിമുട്ട് നിർമിക്കുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. തുറമുഖത്തോടൊപ്പം ടൂറിസം വ്യവസായവും വളരാൻ, വൻകിട ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും വരേണ്ടതാണെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.